കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ കരുത്തേകുന്നത് ഈ പിന്തുണയാണ്,​ ഊർജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാം - മുഖ്യമന്ത്രി

Sunday 22 March 2020 7:47 PM IST

തിരുവനന്തപുരം: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും കേരളത്തിന് വേണ്ടി അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്രതീക്ഷിതമായെത്തിയ കൊറോണ ഭീതിയിൽ ലോകം സ്തംഭിച്ച് നിൽക്കുമ്പോൾ, ഭയമൊഴിഞ്ഞ ഒരു ദിവസത്തിലേക്ക് എത്തിക്കാൻ ഊണും ഉറക്കവും സ്വന്തം ആരോഗ്യവും കുടുംബവും താല്പര്യങ്ങളും മാറ്റി വച്ച് നമുക്കായി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട് ഇവിടെ. കോവിഡ് 19 നെതിരായ പോരാട്ടത്തിൽ നമുക്ക് ഇനിയും സഞ്ചരിക്കാനുണ്ടെന്നും ഊർജ്ജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അപ്രതീക്ഷിതമായിയെത്തിയ കോവിഡ് 19 ഭീതിയിൽ ലോകം സ്തംഭിച്ച് നിൽക്കുമ്പോൾ, ഭയമൊഴിഞ്ഞ ഒരു ദിവസത്തിലേക്ക് എത്തിക്കാൻ ഊണും ഉറക്കവും സ്വന്തം ആരോഗ്യവും കുടുംബവും താല്പര്യങ്ങളും മാറ്റി വച്ച് നമുക്കായി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട് ഇവിടെ. ഓരോ ദുരന്തങ്ങളിലും നമുക്ക് കൈത്താങ്ങാവുന്ന, പരിചരണം തരുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ഇന്ന് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനായി ഈ പോരാട്ടത്തിന് മുൻപിലുണ്ട്.

ഓരോ ദുരന്തങ്ങളിലും നമുക്ക് കൈത്താങ്ങാവുന്ന, പരിചരണം തരുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ഇന്ന് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനായി ഈ പോരാട്ടത്തിന് മുൻപിലുണ്ട്.
ഡോക്ടർമാർ, നഴ്സുമാർ, ലാബ് & തീയറ്റർ ടെക്നീഷ്യൻസ്, അറ്റൻഡർസ്, ക്ലീനിംഗ് സ്റ്റാഫ്സ്, ഫാർമസിസ്റ്റുകൾ, ആംബുലൻസ് ഡ്രൈവർമാർ, കൗൺസിലർസ്, ഹെൽത്ത് ഇൻസ്പെക്ടർസ്, ആശാ വർക്കേർസ് തുടങ്ങിയവരുടെ അത്യധ്വാനമാണ് നമ്മളെ ഇതുവരെ പിടിച്ചു നിൽക്കാൻ പ്രാപ്തരാക്കിയത്.

സംസ്ഥാനത്തെ പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ തുടങ്ങിയ സേനാംഗങ്ങളും സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും കേരളത്തിന്റെ ഈ പോരാട്ടത്തിന്റെ മുന്നിലുണ്ട്. കുടുംബശ്രീ പ്രവർത്തകർ, യുവജനങ്ങൾ, തൊഴിലാളികൾ, വിദ്യാർത്ഥികൾ , ജയിൽ അന്തേവാസികൾ തുടങ്ങി വലിയൊരു കൂട്ടവും പിന്തുണയുമായുണ്ട്. കോവിഡ് -19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ മുന്നോട്ടു പോകാൻ കരുത്തേകുന്നത് ഈ പിന്തുണയാണ്. കോവിഡ് 19 നെതിരായ പോരാട്ടത്തിൽ നമുക്ക് ഇനിയും സഞ്ചരിക്കാനുണ്ട്. ഊർജ്ജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാം. എല്ലാവരേയും കേരളത്തിനു വേണ്ടി അഭിവാദ്യം ചെയ്യുന്നു.