തിരുവനന്തപുരത്ത് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരി കൊറോണ നിരീക്ഷണത്തിൽ
Monday 23 March 2020 12:46 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരി കൊറോണ നിരീക്ഷണത്തിൽ. പനി ബാധിച്ചതിനെ തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ കൊറോണ ബാധയാണെന്ന സംശയത്തെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ യുവതിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്‌ക്കാൻ സർക്കാർ നിർദേശം നൽകി കഴിഞ്ഞു. കൂടാതെ കാസർകോട് ജില്ലയിൽ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ജില്ലകളിൽ ഭാഗികമായി ലോക്ക് ഡൗൺ ഏർപ്പെടുത്താനും തീരുമാനമായി. കേന്ദ്ര നിർദ്ദേശം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി ചേർന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.