ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി,​ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കാൻ പൊലീസ്

Monday 23 March 2020 9:50 PM IST

തിരുവനന്തപുരം: കൊറോണ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനെതുടർന്ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുമെന്ന് പൊലീസ്. മതിയായ കാരണമില്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടൽ നടപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അടച്ചുപൂട്ടൽ നടപടികൾ ഏകോപിപ്പിക്കാൻ ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ച് മുതൽ ശക്തമായ പൊലീസ് സന്നാഹം റോഡുകളിൽ ഉണ്ടാകും.

അവശ്യ സർവീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇവർക്ക് പൊലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും ഡി.ജി.പി വ്യക്തമാക്കി.