കാസർകോട്ട് നിരീക്ഷണത്തിലുള്ളത് 2500 പേർ ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

Tuesday 24 March 2020 9:55 AM IST

കാസർകോട്: 2500 ഓളം പേർ പുതുതായി നിരീക്ഷണത്തിലായ കാസർകോട് ജില്ലയിൽ കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുമോ എന്ന് ആശങ്ക. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 179 പേരുടെ പരിശോധനാ ഫലങ്ങൾ വരാനുണ്ട്. 81 പേരുടെ സാമ്പിൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 39 പേർക്കാണ് കാസർകോട്ട് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

ഗൾഫ് നാടുകളിൽ നിന്ന് പ്രത്യേകിച്ച്, ദുബായിൽ നിന്ന് വരുന്നവരുടെ പരിശോധനാഫലങ്ങൾ ആണ് പോസിറ്റീവ് ആയി മാറുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും അടുത്ത് സമ്പർക്കം പുലർത്തിയവർക്കും രോഗം കണ്ടു തുടങ്ങിയതോടെയാണ് കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവ് ആകാനുള്ള സാദ്ധ്യത ഡോക്ടർമാർ കാണുന്നത്. ഇത് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്.