ഹോട്ടൽ പൂട്ടിയതിന് പരിഹാരം - കൊറോണക്കാലത്ത് കുടുംബശ്രീ ഊട്ടും

Tuesday 24 March 2020 10:58 PM IST

ഭക്ഷ്യവസ്തുക്കൾ സപ്ലൈകോ നൽകും

തിരുവനന്തപുരം: കൊറോണ ഭീതിയിൽ വീട്ടിൽ ആഹാരം തയ്യാറാക്കാൻ കഴിയാത്തവർക്കും രോഗികൾക്കും വേണ്ടി കുടുംബശ്രീ പാകം ചെയ്യും. ഒരു ഫോൺ വിളിയോ മെസേജോ മതി ഇഷ്ടപ്പെട്ട വിഭവങ്ങൾ ചൂടോടെ വീട്ടിലെത്താൻ...

ഹോട്ടലുകൾ പ്രവർത്തിക്കാതായതോടെ ഉണ്ടായ ബുദ്ധിമുട്ടിന് പരിഹാരം എന്ന നിലയ്ക്കാണ് വിഭവങ്ങളുണ്ടാക്കാൻ സർക്കാർ കുടുംബശ്രീയെ തിരഞ്ഞെടുക്കുന്നത്. സന്നദ്ധ സംഘടനകൾ വഴിയോ ഒരു ആപ്പ് മുഖേനയോ ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാനാണ് ആലോചന.

എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും കുടുംബശ്രീയുടെ പാചകം. വിതരണം ചെയ്യുന്നവരും എല്ലാ മുൻകരുതലുകളും സ്വീകരിക്കും.

കുടുംബശ്രീക്ക് ഭക്ഷ്യവസ്തുക്കൾ സപ്ലൈകോ എത്തിക്കും. രോഗികൾക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അരി ഉൾപ്പെടെ 1000 രൂപയുടെ ഭക്ഷ്യവസ്തുക്കൾ സപ്ളൈകോ എത്തിക്കുന്ന പദ്ധതി നിലവിലുണ്ട്.

വില ഇന്നറിയാം

ഭക്ഷണ പദ്ധതിക്ക് അന്തിമരൂപം നൽകാൻ ഇന്ന് മന്ത്രിമാരായ ഡോ.തോമസ് ഐസക്,​ പി.തിലോത്തമൻ,​ എ.സി. മൊയ്തീൻ എന്നിവർ കൂടിയാലോചന നടത്തും. മെനു,​ വില വിവരം, സമയക്രമം എന്നിവയും തീരുമാനിക്കും.

2,​94,​000- കുടുംബശ്രീ യൂണിറ്റുകൾ

43 ലക്ഷം- അംഗങ്ങളുടെ എണ്ണം