കൃത്രിമ വിലക്കയറ്റം: ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ്

Wednesday 25 March 2020 12:02 AM IST
കൃത്രിമ വിലക്കയറ്റം

 വരും ദിവസങ്ങളിൽ പൊതുവിപണിയിൽ മിന്നൽ പരിശോധന

കൊല്ലം: ലോക്ക് ഡൗൺ മുതലെടുത്ത് അന്യായമായി വില ഉയർത്തിയ ആറ് സ്ഥാപനങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നോട്ടീസ് നൽകി.

കൊല്ലം കമ്പോളത്തിൽ കളക്ടറുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ സവാള വില കൃത്രിമമായി വർദ്ധിപ്പിച്ച് 35 രൂപയ്ക്കും കൊച്ചുള്ളിവില 80 രൂപയിൽ നിന്ന് 90 ആയും പച്ചമുളകിന് 30 രൂപയിൽ നിന്ന് 50 രൂപയും ഉയർത്തിയതായി കണ്ടെത്തി. ഈ സ്ഥാപനങ്ങളിലെ വിലവിവര പട്ടികയിൽ രേഖപ്പെടുത്തിയിരുന്ന അന്യായമായ വർദ്ധനവ് നീക്കം ചെയ്യിപ്പിച്ചു. കൊല്ലം ബെൻസിഗർ ആശുപത്രിക്ക് സമീപത്തെ സ്ഥാപനം മാസ്‌ക്കിന് 40 രൂപ ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഉടമ നിഷേധിച്ചു. കടയുടമയ്ക്ക് ഉദ്യോഗസ്ഥർ ശക്തമായ താക്കീത് നൽകി.

ഇന്നലെ 22 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകളായി പൊതുവിപണിയിൽ മിന്നൽ പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണികൃഷ്ണ കുമാർ അറിയിച്ചു. കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ സി.വി. അനിൽ കുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ, ആർ. അനിയൻ, ബി. ഗോപകുമാർ, ആർ. രാജീവ്കുമാർ

എന്നിവരും പരിശോധനയിൽ പങ്കെടുത്തു.