ഗ്രൗണ്ടിൽ കളിച്ചതിനെച്ചൊല്ലി സംഘർഷം: യുവാവിനെയും അമ്മയെയും വീടുകയറി ആക്രമിച്ച ഒൻപതംഗ സംഘം അറസ്റ്റിൽ

Thursday 26 March 2020 12:00 AM IST
വീടുകയറി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവർ

കൊല്ലം: കൊറോണയുടെ പശ്ചാത്തലത്തിൽ ഗ്രൗണ്ടിൽ കളിച്ചതിനെ ചൊല്ലിയുണ്ടായ തർ‌ക്കത്തിനൊടുവിൽ വീടുകയറി ആക്രമിച്ച കേസിൽ ഒൻപതുപേർ അറസ്റ്റിൽ. ശൂരനാട് പള്ളിക്കൽ ചെറുകുന്നം പ്രമോദ് ഭവനത്തിൽ പ്രദീപ് (40), ചെറുകുന്നം ശ്രീനിലയത്തിൽ ദിലീപ് (36), ബിജുഭവനത്തിൽ ബിജു (44), മണപ്പള്ളി താഴതിൽ വീട്ടിൽ വസുമോഹൻ (43), മനയത്ത് വീട്ടിൽ അഖിൽ മധു (21), നടുവിലെമുറി ജിതിൻ ഭവനത്തിൽ ജിതിൻ (25), പോരുവഴി ചാത്താകുളം രമണി വിലാസത്തിൽ വിഷ്ണു (20), ഇടയ്ക്കാട് ചാത്താകുളത്ത് പുത്തൻവീട്ടിൽ അഖിൽകുമാർ (20), വടക്കേമുറി ചാത്താകുളം രജിൻഭവനത്തിൽ രജിൻ (20) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ശൂരനാട് വടക്ക് നടുവിലെമുറി അംബിക ഭവനത്തിൽ ജ്യോതിഷിന്റെ (19) വീട്ടിലാണ് ആക്രമണം നടത്തിയത്. 23ന് രാത്രി 9.30 ഓടെ മാരകായുധങ്ങളുമായെത്തിയ സംഘം ആനയടി പാലത്തിന് സമീപത്തെ വാടക വീട്ടിലെത്തിയാണ് ജ്യോതിഷിനെയും അമ്മ മുത്താലിയമ്മാളിനെയും ക്രൂരമായി മർദ്ദിച്ചത്. ജ്യോതിഷിന്റെ തല അടിച്ചുപൊട്ടിക്കുകയും കൈയ്ക്കും മൂക്കിനും ഇടിക്കുകയും ചെയ്തു. അവശനിലയിൽ വീട്ടിൽ കിടന്ന ഇരുവരെയും അയൽക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജ്യോതിഷിന്റെ നില ഗുരുതരമാണ്. വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കവെ ജ്യോതിഷും സുഹൃത്തുക്കളും പ്രദേശത്തെ ഗ്രൗണ്ടിൽ കളിക്കുന്നത് അഖിൽ മധുവിന്റെ പിതാവ് മധു ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി കളിച്ചവരും മധുവുമായി വാക്കേറ്റമുണ്ടായി. ഇതിന് നേതൃത്വം നൽകിയ ജ്യോതിഷിനെ ആക്രമിക്കാൻ പിന്നീട് തീരുമാനിച്ച പ്രകാരമായിരുന്നു വീടുകയറി ആക്രമണം. ആക്രമണത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെ ശൂരനാട് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മാരകായുധങ്ങളും കണ്ടെടുത്തു. സി.ഐ എ.ഫിറോസ്, എസ്.ഐമാരായ പി.ശ്രീജിത്ത്, സെബാസ്റ്റ്യൻ, എ.എസ്.ഐമാരായ പ്രദീപ്, ചന്ദ്രമോൻ, ഹർഷാദ്, സി.പി.ഒമാരായ ഷിജു ആനന്ദ്, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.