ഏരിയാൽ സ്വദേശിയെ പുകഴ്‌ത്തി ശബ്ദസന്ദേശം പള്ളി ഉസ്താദ് അറസ്റ്റിൽ 

Thursday 26 March 2020 12:05 AM IST

കാസർകോട്: കൊറോണ പോസിറ്റീവായ രോഗിയുടെ സാമ്പിൾ നെഗറ്റീവാണെന്ന തരത്തിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഗോളിയടുക്ക പള്ളി ഉസ്താദ് കെ.എസ്. മുഹമ്മദ് അഷറഫ് അറസ്റ്റിൽ. കൊറോണ പോസിറ്റീവായി കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏരിയാൽ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള വ്യാജ വോയിസ് ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് ഇയാളെ ബദിയടുക്ക പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ശബ്ദ സന്ദേശം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയത്. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധനാഫലം പുറത്തു വിടേണ്ടത് ആരോഗ്യവകുപ്പ് അധികൃതരാണ്. ആലപ്പുഴ വൈറോളജി ലാബിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ ഇക്കാര്യം സ്ഥിരീക്കുന്നത്. പബ്ലിക് റിലേഷൻസ് വകുപ്പ് അധികൃതർ ഈ വിവരം മാദ്ധ്യമങ്ങളെ അറിയിക്കുകയാണ് പതിവ്. ഈ നടപടിക്രമങ്ങൾ ഒന്നുമില്ലാതെയാണ് കൊറോണ ബാധിതനെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്. നിരപരാധിയായ ഒരാളെ മാരക രോഗിയായി ചിത്രീകരിച്ചതിന് അദ്ദേഹത്തോട് മാപ്പുപറയണമെന്നും അതിൽ ആവശ്യപ്പെടുന്നുണ്ട്. ദുബായിൽനിന്ന് നാട്ടിലെത്തിയ ഇയാൾ ബന്ധുവീടുകളിൽ പോയി, കല്യാണത്തിന് പോയി, തൊട്ടിൽ തൂക്കാൻ പോയി എന്നു പറയുന്നത് അപഹാസ്യമാണെന്നും പറയുന്നുണ്ട്. പരിഹാസ രൂപത്തിലാണ് ഉസ്താദിന്റെ സന്ദേശം. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ശബ്ദസന്ദേശം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പൊലീസും സൈബർ സെല്ലും നടത്തിയ അന്വേഷണ ശേഷമാണ് ഉസ്താദിനെ പിടികൂടിയത്.

പടം ..ഉസ്താദ് മുഹമ്മദ് അഷ്‌റഫ്