കേരള ഹൈക്കോടതി ഏപ്രിൽ 14 വരെ അടച്ചു സ്‌പെഷ്യൽ സിറ്റിംഗുകളും ഉണ്ടാവില്ല
Thursday 26 March 2020 12:00 AM IST
കൊച്ചി: രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ഹൈക്കോടതി ഏപ്രിൽ 14 വരെ അടച്ചു. പൊതു - സ്വകാര്യ വാഹനഗതാഗതം പൂർണമായും ഒഴിവാക്കിയതിനാൽ കോടതി ജീവനക്കാർക്കും അഭിഭാഷകർക്കും വ്യവഹാരികൾക്കും കോടതിയിൽ എത്താനാകില്ലെന്നത് കണക്കിലെടുത്താണ് ഈ നടപടിയെന്ന് രജിസ്ട്രാർ ജനറൽ കെ.ഹരിപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജാമ്യാപേക്ഷകൾ,ഹേബിയസ് ഹർജികൾ തുടങ്ങി അടിയന്തര സ്വഭാവമുള്ള ഹർജികൾ പരിഗണിക്കാനായി മാർച്ച് 26,31,ഏപ്രിൽ മൂന്ന്,ഏഴ് തീയതികളിൽ പ്രത്യേക സിറ്റിംഗ് നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ 23 ന് രജിസ്ട്രാർ ജനറൽ സർക്കുലർ ഇറക്കിയിരുന്നു.കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇൗ സ്പെഷ്യൽ സിറ്റിംഗുകൾ ഉണ്ടാവില്ലെന്നും മുൻ സർക്കുലർ പിൻവലിക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.