മദ്യവില്പനശാലകൾക്കും ഷാപ്പിനും പൂട്ട് ; ഓൺലൈൻ സാദ്ധ്യത പരിശോധിക്കും

Thursday 26 March 2020 12:24 AM IST

തിരുവനന്തപുരം: രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ കള്ളുഷാപ്പുകളും മദ്യവില്പനശാലകളും അടച്ചിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14ന് ശേഷമേ ഇനി തുറക്കൂ. മദ്യത്തിന്റെ ഓൺലൈൻ വില്പനയ്ക്കായി അബ്കാരി ആക്ട് ഭേദഗതി ചെയ്യുന്നത് അടക്കമുള്ള നിയമപരമായ സാദ്ധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. മദ്യം ലഭിക്കാതായാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നവർക്കായി ഡി-അഡിക്‌ഷൻ സെന്ററുകൾ ക്രമീകരിക്കാനും യോഗം നിർദ്ദേശിച്ചു.

ലോക്ക്ഡൗണിൽ കേന്ദ്രം ഇളവ് നൽകിയ അവശ്യസാധനങ്ങളുടെ പട്ടികയിൽ മദ്യ ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഇന്നലെ മദ്യവില്പന ശാലകൾ തുറന്നില്ല. മന്ത്രിസഭാ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനായിരുന്നു മദ്യവില്പനശാലകൾക്ക് സർക്കാർ നൽകിയ നിർദ്ദേശം. തീരുമാനം വന്നതോടെ പൂർണമായി അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. ബാറുകളിലെ കൗണ്ടർ വില്പനയും തത്കാലമുണ്ടാകില്ല.

കൊറോണ വൈറസ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണം കൊണ്ടുവന്നെങ്കിലും മദ്യവില്പന ശാലകളും ബാറുകളും അടയ്ക്കാത്തതിനെതിരെ പ്രതിപക്ഷമടക്കം വിമർശനമുയർത്തിയിരുന്നു.

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ ബാറുകൾ അടച്ചുപൂട്ടിയെങ്കിലും അപ്പോഴും ബെവ്കോ മദ്യവില്പനശാലകൾ തുടരാനായിരുന്നു തീരുമാനം. ഇതാണിപ്പോൾ പൂർണമായി അടയ്ക്കുന്നത്.

പ്രതിദിനം 25.26 കോടി രൂപ

സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ മദ്യത്തിന്റെ ഓൺലൈൻ വില്പനയ്ക്ക് നിയമപരമായ പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും.

മദ്യവില്പന വഴി നികുതിയിനത്തിൽ മാത്രം പ്രതിദിനം 25.26 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്നത്.

ഓൺലൈൻ വഴിയുള്ള മദ്യവില്പനയുടെ സാദ്ധ്യതകൾ നേരത്തേയും സർക്കാർ തേടിയിരുന്നതാണ്. കെ.സി.ബി.സി അടക്കമുള്ളവരുടെ എതിർപ്പിനെ തുടർന്നാണ് അന്ന് ഉപേക്ഷിച്ചത്.