ഡൽഹിയിൽ കുടുങ്ങിയ റെയിൽവേ ജീവനക്കാരെ നാട്ടിലെത്തിക്കും

Thursday 26 March 2020 12:00 AM IST
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ റെയിൽവേയിലെ മലയാളി ജീവനക്കാർ

ന്യൂഡൽഹി: രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ന്യൂഡൽഹി, നിസാമുദീൻ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിയ മലയാളികളായ റെയിൽവേ ജീവനക്കാരെ നാട്ടിലെത്തിക്കും. അറുപതോളം ജീവനക്കാരെ നാട്ടിലെത്തിക്കാൻ റെയിൽവേ രണ്ട് പ്രത്യേക ബോഗികളാണ് അനുവദിച്ചിരിക്കുന്നത്. നാട്ടിലെത്തിയാൽ സ്വയം നിരീക്ഷണത്തിൽ കഴിയാനും ഇവർക്ക് നിർദേശമുണ്ട്. 23ന് ഡൽഹിയിൽ യാത്ര അവസാനിപ്പിച്ച തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്‌സ്പ്രസ്, എറണാകുളം - നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ്, മില്ലേനിയം എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെ ജീവനക്കാരാണ് സ്റ്റേഷനുകളിൽ കുടുങ്ങിയത്. നിർദ്ദിഷ്ട സ്റ്റേഷുകളിൽ സർവീസുകൾ അവസാനിപ്പിച്ചശേഷം അതേ ട്രെയിനിൽ തന്നെ നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ജീവനക്കാർക്ക് ആദ്യം നൽകിയ നിർദേശം. എന്നാൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രണ്ട് ദിവസമായി റെയിൽവേ ജീവനക്കാർ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഡൽഹിയിൽ അകപ്പെടുകയായിരുന്നു. ഇവരിൽ പലരും ഹൃദ്രോഗികളും പ്രഷറിന് മരുന്ന് കഴിക്കുന്നവരുമാണ്. പലരുടേയും മരുന്ന് കഴിഞ്ഞിരിക്കുകയാണ്. ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ. സമ്പത്ത് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടാണ് ഇവർക്ക് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കിയത്.