റോഡിൽ മണ്ണടിച്ച് ലോക് ഡൗൺ ;​  കേരളഗ്രാമം കർണാടകത്തിൽ ബന്ദി

Thursday 26 March 2020 12:03 AM IST
ദേലംപാടിയിലെ പാവങ്ങളെ പൂട്ടാൻ കർണ്ണാടകയുടെ മൺകൂന

കാസർകോട്: വടക്കൻ കേരളത്തിലെ പിന്നാക്ക അതിർത്തി പഞ്ചായത്തായ ദേലംപാടി കർണാടകം സൃഷ്‌ടിച്ച മൺകൂനകളുടെ പൂട്ടിലാണ്. കർണാടകത്തിനകത്തെ കേരള ഗ്രാമമാണ് ദേലംപാടി.കൊറോണ ലോക് ഡൗണിന്റെ ഭാഗമായി ഗ്രാമീണർ കർണാടകത്തിലേക്ക് കടക്കുന്നത് തടയാൻ ലോറികളിൽ മണ്ണടിച്ച് റോഡുകൾ അടച്ചു. പാവപ്പെട്ട കർഷകരും തൊഴിലാളികളും ആദിവാസികളും കൂടുതലുള്ള പഞ്ചായത്ത് ഇതോടെ പുറം ലോകത്തു നിന്ന് ഒറ്റപ്പെട്ടു.കർണാടകത്തിലെ പുത്തൂർ, സുള്ള‌്യ താലൂക്കുകളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ദേലംപാടി.

ദേലംപാടി, ഊജംപാടി, മയ്യള, ശാലത്തടുക്ക, ഹിദായത്ത് നഗർ, ശാന്തിമല, മുൻചിങ്ങാനം, ബെൾപാറ്, കൊംബോട്, നൂജിബെട്ടു, അഡ്ഡംതടുക്ക തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്നത് കർണാടകയിലെ ഈശ്വരമംഗലം ടൗണിനെയാണ്. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നിനും വിദ്യാഭ്യാസത്തിനും വരെ ഈ ടൗണിൽ പോകണം. ഇവർക്ക് പുറത്തിറങ്ങണമെങ്കിൽ കർണാടകയുമായി ബന്ധമുള്ള റോഡിൽ കൂടി പോകണം. റോഡുകൾ മൊത്തം കർണാടക പൊലീസും ആരോഗ്യവകുപ്പും ചേർന്ന് അടച്ചു.

മരണം, ആശുപത്രി തുടങ്ങിയ അടിയന്തര സാഹചര്യം വന്നാൽ എങ്ങിനെ പുറത്തിറങ്ങും എന്നതാണ് നൂജിബെട്ടു, അഡ്ഡംതടുക്ക , കൊംബോട് ഗ്രാമത്തിലുള്ളവരെ അലട്ടുന്നത്. പൊലീസ് ബാരിക്കേഡോ മുളയോ ബാരലുകളോ വച്ച് റോഡ് അടച്ചിരുന്നെങ്കിൽ ആവശ്യക്കാരെ കടത്തി വിടാമായിരുന്നു. നൂജിബെട്ടു മഡ്യള മജാലു റോഡ് അടച്ചിരിക്കുന്നത് ലോഡുകണക്കിന് മണ്ണ് കുന്നുപോലെ കൂട്ടിയിട്ടാണ്.

അടിയന്തരമായി മൺകൂനകൾ നീക്കി ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്ര നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാസർകോട് ജില്ലാ ഭരണകൂടം കർണാടകയുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമീണർ അഭ്യർത്ഥിക്കുന്നു. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കാനുള്ള ചെറുതും വലുതുമായ 24 വഴികളും പൂർണമായും അടഞ്ഞിരിക്കയാണ്.