കേരളത്തിൽ മൊത്തം രോഗികൾ 112, 9 പേർക്കു കൂടി കൊറോണ; സ്ഥിതി കൂടുതൽ ഗുരുതരമാകുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതു പേർക്കുകൂടി കോറോണ സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകുകയാണെന്നും കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ മൂന്നുപേർ എറണാകുളത്തും രണ്ടുപേർ വീതം പാലക്കാടും പത്തനംതിട്ടയിലുമാണ്. ഇടുക്കിയിലും കോഴിക്കോśും ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.
നാലു പേർ ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ ബ്രിട്ടനിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നതാണ്.
മൂന്നുപേർക്ക് വൈറസ് ബാധിച്ചത് രോഗികളുമായുള്ള സമ്പർക്കം വഴിയാണ്. ഇതിലൊരാൾ ഡ്രൈവറാണ്.
ഇന്നലെ പരിശോധനാ ഫലം നെഗറ്റീവായ ആറു പേരുൾപ്പെടെ 12 പേർ രോഗ വിമുക്തി നേടിയത് ആശ്വാസമായി. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിൽ കഴിഞ്ഞ രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു.ഇന്ന് മാത്രം 122 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 112 പേർക്ക് വൈറസ് ബാധിച്ചതിൽ 91 പേർ വിദേശത്തു നിന്ന് വന്ന ഇന്ത്യക്കാരാണ് 8 പേർ വിദേശികളാണ്. ബാക്കി 13 പേർക്ക് രോഗികളുമായുള്ള ബന്ധം കാരണം ലഭിച്ചതാണ്.
#നടപടി കടുക്കും
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി വരും. തിരിച്ചറിയൽ കാർഡോ പാസോ ഇല്ലാതെ പുറത്തിറങ്ങരുത്. വിലക്ക് നടപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവാദിത്വമാണ്.
സമൂഹത്തിന്റെ ആകെ രക്ഷയ്ക്ക് നേരത്തെയുണ്ടായിരുന്ന ശീലം എല്ലാവരും മാറ്റേണ്ടതുണ്ട്. സാധാരണ സൗഹൃദ സന്ദർശനങ്ങൾ വേണ്ട. പ്രളയം വന്നപ്പോൾ വീടുകളിൽനിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ പറഞ്ഞപ്പോൾ അനുസരിക്കാത്തവർ ഭവിഷ്യത്ത് അനുഭവിച്ചിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ
#ചികിത്സയിൽ 112 പേർ.
# നിരീക്ഷണത്തിൽ 76,542 പേർ
#വീടുകളിൽ 76,010 പേർ
# 4902 സാമ്പിളുകൾ പരിശോധിച്ചു
#3465 എണ്ണത്തിന്റെ ഫലം നെഗറ്റീവ്.
#ഇടുക്കിയിൽ രണ്ടാമത്തെ കേസ്
തൊടുപുഴ: ഇടുക്കി ജില്ലയിൽ ദുബായിൽ നിന്നെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയായ യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്.
ജില്ലയിലെ രണ്ടാമത്തെ കേസാണിത്. നേരത്തെ മൂന്നാറിലെത്തിയ വിദേശ സംഘത്തിലെ ബ്രിട്ടീഷ് പൗരന് രോഗം സ്ഥിരീകരിച്ചിരുന്നു.
19ന് രാവിലെ ഏഴിന് ദുബായിൽ നിന്ന് നെടുമ്പാശേരി വഴി എത്തിയ 33 കാരനായ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇയാൾ എത്തിയ സ്പൈസ് ജെറ്റ് SG-018 വിമാനത്തിലെ യാത്രക്കാർ ഉടൻ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഭാര്യയും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. 23ന് രാവിലെ 10ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ബൈക്കിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തി ശരീരസ്രവം പരിശോധനയ്ക്ക് നൽകി. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
#ഇന്ത്യയിൽ മരണം 10
#തമിഴ്‌നാട്ടിലും മദ്ധ്യപ്രദേശിലും ഓരോ മരണം
#മദ്ധ്യപ്രദേശിൽ മാദ്ധ്യമപ്രവർത്തകന് കോറോണ
#പാസഞ്ചർ ട്രെയിനുകൾഏപ്രിൽ 14 വവരെ റദ്ദാക്കി