റിലയൻസിന് കടബാദ്ധ്യത, 10 ശതമാനം ഓഹരി ഫേസ്ബുക്ക് ഏറ്റെടുക്കും
Thursday 26 March 2020 9:51 AM IST
മുംബയ്: റിലയൻസ് ജിയോയുടെ പത്തു ശതമാനം ഓഹരികൾ ഫേസ്ബുക്ക് ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു വരികയായിരുന്നെന്നും യാത്രാനിയന്ത്രണങ്ങൾ കാരണം ചർച്ചകൾ നീണ്ടുപോകുകയാണെന്നും അറിയുന്നു.
റിലയൻസ് ജിയോയുടെ ശൃംഖല വിപുലമാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് വൻതുക ചെലവഴിച്ചിരുന്നു. ഇത് കമ്പനിയുടെ കടബാദ്ധ്യത വർദ്ധിപ്പിച്ചിരുന്നു. ഫേസ്ബുക്കുമായുള്ള ഇടപാടിലൂടെ കമ്പനിയുടെ കടബാദ്ധ്യത കുറയ്ക്കാനാണ് ശ്രമം. ഫേസ്ബുക്കുമായുള്ള ഇടപാടിന് പുറമേ റിലൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനിങ് വ്യവസായത്തിന്റെ ഓഹരികൾ സൗദി ആരാംകോയ്ക്കും റിലയൻസിന്റെ മൊബൈൽ ടവർ ബിസിനസിന്റെ ഒരു ഭാഗം ബ്രൂക്ക്ഫീൽഡിനും വിൽക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ ഇടപാടുകൾ പൂർത്തിയായാൽ റിലയൻസ് ഇൻഡ്സ്ട്രീസിന്റെ കടബാദ്ധ്യത പൂർണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.