ബി.ബി.എ വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ, കൊറോണ പരിശോധനയ്ക്ക് ശേഷം സംസ്കാരം

Thursday 26 March 2020 10:07 AM IST

കൊല്ലം: ബി.ബി.എ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സാമ്പിളുകൾ കൊറോണ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്ന ശേഷമേ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു. പൂയപ്പള്ളി മരുതമൺപള്ളി തുതിയൂർ മഠത്തിൽ സൈമൺ ലൂക്കോസ്- സോണി ദമ്പതികളുടെ മകൻ സ്റ്റാലിൻ സൈമണാണ്(19)മരിച്ചത്. ബംഗളൂരുവിൽ ബി.ബി.എയ്ക്ക് പഠിച്ചുവന്ന സ്റ്റാലിൻ പത്ത് ദിവസം മുൻപായിരുന്നു നാട്ടിലെത്തിയത്.

ഇന്നലെ രാവിലെ ഏഴ് മണിയോടെ കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്റ്റാലിന് രോഗപ്രതിരോധ ശേഷി കുറവായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. അതുകൊണ്ടുതന്നെ കൊറോണയുടെ പരിശോധന നിർബന്ധമാണെന്ന് പൊലീസ് അറിയിച്ചു. സ്റ്റെഫിയാണ് സഹോദരി.