കുമാർ ബാറിന് എന്ത് കൊറോണ ! അടച്ചിട്ട ബാറിന് മുന്നിൽ മദ്യക്കച്ചവടം, 119 കുപ്പികളുമായി രണ്ട് ജീവനക്കാർ അറസ്റ്റിൽ
കൊല്ലം: ലോക് ഡൗണിനൊപ്പം പൂട്ടിയ ബാറിന് പുറത്ത് മദ്യക്കച്ചവടം, 119 കുപ്പികളുമായി ബാർ ജീവനക്കാർ പിടിയിൽ. പുനലൂർ കുമാർ ബാറിലാണ് സംഭവം. ഇന്ന് പുലർച്ചെ മുതൽ മദ്യക്കച്ചവടം തുടങ്ങിയിരുന്നു. കുപ്പികളായും ചില്ലറയായും വിൽപ്പന തുടങ്ങിയതോടെ രാവിലെതന്നെ ഏറെപ്പേർ ബാർ പരിസരത്തേക്ക് ഓടിയെത്തി. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടഞ്ഞതോടെ എത്ര വിലകൊടുത്തും മദ്യംവാങ്ങാൻ ആളുകളുണ്ടായിരുന്നു. ഇത് മുതലാക്കാനാണ് ബാർ ഉടമയുടെ അനുമതിയോടെ ബാറിന് മുന്നിൽത്തന്നെ മദ്യക്കച്ചവടം പൊടിപൊടിച്ചത്. വിദേശ മദ്യവും ബിയറുമടക്കം കുറഞ്ഞതും കൂടിയതുമായ മദ്യക്കുപ്പികളുണ്ടായിരുന്നു.
തീരുന്ന മുറയ്ക്ക് അകത്ത് നിന്നും കൊണ്ടുവരാനുള്ള ക്രമീകരണമായിരുന്നു ഒരുക്കിയിരുന്നത്. ബാറിന് മുന്നിൽ അനധികൃതമായി മദ്യക്കച്ചവടം നടത്തുന്നതായി റൂറൽ എസ്.പി ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനലൂർ പൊലീസെത്തിയത്. ബിയറുൾപ്പടെ 119 കുപ്പി മദ്യം ഇവിടെ നിന്നും പിടിച്ചെടുത്തു. സെക്യൂരിറ്റി ജീവനക്കാരനും സഹായിയുമാണ് വിൽപ്പന നടത്തിയിരുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്തു. വിൽപ്പന നടത്തിയപ്പോൾ ലഭിച്ച പണവും പൊലീസ് കണ്ടെടുത്തു.