പാലക്കാട് കൊറോണ സ്ഥിരീകരിച്ച പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു, റൂട്ട് മാപ്പിൽ വലിയ ആശങ്ക, മകൻ കെ.എസ്.ആർ.ടി.സി കണ്ടക്ടർ

Thursday 26 March 2020 11:03 AM IST

പാലക്കാട്: മണ്ണാർക്കാട് കാരാകുറുശ്ശിയിൽ കൊറോണ സ്ഥിരീകരിച്ച പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു. ഹോം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിനാണ് കേസടുത്ത്. ഇയാളുടെ കെ.എസ്.ആർ.ടി കണ്ടക്ടറായി മണ്ണാർക്കാട്ട് ജോലിചെയ്യുന്ന മകൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ദുബായിയിൽ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് പ്രവാസി നിരീക്ഷണത്തിൽ പോയത്. മറ്റു ദിവസങ്ങളിലെല്ലാം നാട്ടിലുടനീളം കറങ്ങി നടക്കുകയും ചെയ്തു. ഒരുതണ മലപ്പുറത്തേക്കും യാത്രചെയ്തു. ഇയാൾ കറങ്ങിനടക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്ക പട്ടിക യിലുള്ള വരുടേതടക്കം ഇയാളുമായി ബന്ധപ്പെട്ടവരുടെ വിശദമായ റൂട്ട് മാപ്പെടുത്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള മകൻ ദീർഘ ദൂര ബസുകളിൽ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്. പ്രവാസി നാട്ടിലെത്തിയത് 13 നാണ്. അതിന് ശേഷം 17ന് മണ്ണാർക്കാട് നിന്ന് ഇന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസിൽ മകൻ ജോലി ചെയ്തു. 18 ന് പാലക്കാട് തിരുവനന്തപുരം ബസിലും ജോലി നോക്കി. ഈ ബസിൽ യാത്ര ചെയ്തവർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവിൽ നിർദ്ദേശം നൽകിയിട്ടുള്ളത്.

യാത്രയ്ക്കിടെ രണ്ടിടത്തുവച്ച് ഇയാൾ ഭക്ഷണം കഴിച്ചു. കായംകുളം കെ.എസ്.ആർ.ടി.സി കാന്റീൻ, തിരുവനന്തപുരം വികാസ് ഭവന് സമീപത്തെ കഞ്ഞിക്കട എന്നിവിടങ്ങളിൽ‌ വച്ചാണ് ജോലിക്കിടെ ഇയാൾ ഭക്ഷണം കഴിച്ചത്. കെ.എസ്.ആർ.ടി.സിയാണ് കണ്ടക്ടറുടെ വിവരങ്ങൾ തയാറാക്കിയത്. ജില്ലയിൽ 3 പേർക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ഇന്നു മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.സംസ്ഥാന അതിർത്തി കൂടിയായതിനാൽ ജില്ലയിലെ ആരോഗ്യമേഖലയിൽ അതീവ ജാഗ്രതയ്ക്കാണു നിർദേശം.അനാവശ്യയാത്രകൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഒട്ടേറെപ്പേർ പുറത്തിറങ്ങുന്നുണ്ട്. വിദേശത്തു നിന്നെത്തിയവരിൽ ഒട്ടേറെപ്പേർ നിരീക്ഷണ നിർദേശങ്ങൾ കർശനമായി പാലിക്കുമ്പോൾ മറ്റു ചിലർ ഇറങ്ങി നടക്കുന്നുണ്ട്.