ഗൾഫിൽ കൊറോണ പടരുന്നു, സൗദിയിൽ പ്രവേശന വിലക്ക്
സൗദി അറേബ്യ: ഗൾഫ് രാജ്യങ്ങളിൽ കൊറോണ പടർന്നുപിടിക്കുകയാണ്. സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. സൗദി അറേബ്യയിൽ 133, ഖത്തർ, യു.എ.ഇ. 85, ബഹ്‌റൈൻ 27, ഒമാൻ 15, കുവൈറ്റ് 13, ഖത്തർ 25 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. സൗദി അറേബ്യയിലെ 13 പ്രവിശ്യകളിലെയും ജനങ്ങൾ അതത് സ്ഥലങ്ങളിൽത്തന്നെ കഴിയണമെന്നും താമസക്കാർ മറ്റൊരു പ്രവിശ്യകളിലേക്കും പ്രവേശിക്കാൻ പാടില്ലെന്നുമുള്ള തീരുമാനം ഇന്ന് പ്രാബല്യത്തിൽ വന്നു.
ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന കേന്ദ്രങ്ങളും ഫാർമസികളും ഒഴിച്ചുള്ള ദുബായിലെ എല്ലാ വ്യാപാരകേന്ദ്രങ്ങളും അടച്ചിടാൻ ദുബായ് ഇക്കോണമി നിർദ്ദേശം പുറപ്പെടുവിച്ചു. യു.എ.ഇയിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും 20 നും 44 നും ഇടയിലുള്ളവരാണ്. സൗദിയിലും യു.എ.ഇ.യിലും രണ്ട് പേർക്ക് വീതവും ബഹ്‌റൈനിൽ നാല് പേരും രോഗം ബാധിച്ച് മരിച്ചു. ഒമാനിൽ 15 പേർക്കുകൂടി രോഗബാധ കണ്ടെത്തിയതോടെ മൊത്തം രോഗികൾ 99 ആയി.
സ്വകാര്യസ്ഥാപനങ്ങളിലെ ഭൂരിഭാഗം ജീവനക്കാരും വീടുകളിൽനിന്ന് ജോലി ചെയ്യുന്ന സംവിധാനവും നിലവിൽവന്നു. ഏപ്രിൽ എട്ട് വരെയാണ് വിലക്കുകൾ തുടരുക.