വാഹനങ്ങളിൽ കുനിഞ്ഞ് പരിശോധന വേണ്ട, അധികം സംസാരവും പാടില്ല, വടിയെടുത്ത് ഡി.ജി.പി

Thursday 26 March 2020 4:49 PM IST

തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ മാസ്കും ഗ്ലൗസും ധരിക്കണമെന്ന് കർശന നിർദ്ദേശം. പലയിടത്തും പൊലീസ് ഉദ്യോഗസ്ഥർ മാസ്കും ഗ്ലൗസും ധരിക്കാതെ ഡ്യൂട്ടി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസുകാർക്ക് നിർദ്ദേശമുണ്ട്. പരിശോധനയ്ക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പർശിക്കാൻ പാടില്ല. വാഹനത്തിന്റെ ഡിക്കി തുറക്കേണ്ടിവരുന്ന അവസരങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വാഹനം തടഞ്ഞ് നിറുത്തുമ്പോൾ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം. വൈറസ് വ്യാപനം തടയുന്നതിനായി കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഉദ്യോഗസ്ഥർക്ക് പൊലീസ് മേധാവി കർശന നിർദ്ദേശം നൽകി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കനത്ത പൊലീസ് ചെക്കിംഗാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നത്.