പി.എം. കിസാൻ: കേരളത്തിൽ നേട്ടം 29.49 ലക്ഷം പേർക്ക്
കൊച്ചി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ (പി.എം കിസാൻ) കേരളത്തിൽ നിന്ന് ഇതുവരെ രജിസ്‌റ്റർ ചെയ്‌തത് 29.49 ലക്ഷം കർഷകർ. കൊറോണയെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള പി.എം കിസാന്റെ ആദ്യഗഡു ഏപ്രിൽ ആദ്യവാരം തന്നെ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുപ്രകാരം കേരളത്തിലെ 29.49 ലക്ഷം കർഷകർക്കും പദ്ധതിയുടെ ആദ്യ ഗഡുവായ 2,000 രൂപ വീതം ഏപ്രിലിൽ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ പി.എം കിസാൻ വെബ്സൈറ്റിൽ മാർച്ച് 25 വരെയുള്ള രജിസ്‌ട്രേഷൻ കണക്കുപ്രകാരം ആനുകൂല്യം ലഭിക്കാൻ യോഗ്യർ 9.22 കോടി കർഷകരാണ്. 2018-19ലെ അവസാന പാദത്തിൽ പ്രാബല്യത്തിൽ വന്ന വിധമാണ് ഒന്നാം നരേന്ദ്ര മോദി സർക്കാർ പി.എം കിസാൻ പദ്ധതി നടപ്പാക്കിയത്.
ഓരോ കർഷകനും പ്രതിവർഷം 2,000 രൂപ മൂന്നു ഗഡുക്കളായ ലഭ്യമാക്കുന്നതാണ് പദ്ധതി. 2018-19ലെ ഏക ഗഡുവായി 2,000 രൂപ വീതം നേടിയത് 8.82 കോടിപ്പേരാണ്. നടപ്പുസാമ്പത്തിക വർഷത്തെ (2019-20) ആദ്യഗഡു ഇതുവരെ 7.82 കോടിപ്പേർക്കും രണ്ടാംഗഡു 6.51 കോടിപ്പേർക്കും മൂന്നാമത്തെയും അവസാനത്തെയും ഗഡു 3.41 കോടിപ്പേർക്കും മാത്രമേ വെബ്‌സൈറ്റിലെ റിപ്പോർട്ട് പ്രകാരം ലഭിച്ചിട്ടുള്ളൂ.
അതായത്, മൂന്നാമത്തെ ഗഡു ഇനിയും അഞ്ചുകോടിയിലേറെ കർഷകർക്ക് കിട്ടാനുണ്ട്. ആദ്യ ഗഡു ഇനിയും കിട്ടിയിട്ടില്ലാത്തവർ 3.99 കോടിപ്പേരാണ്. പി.എം. കിസാനിൽ ഏറ്റവുമധികം കർഷകർ രജിസ്‌റ്റർ ചെയ്‌തത് ഉത്തർപ്രദേശിൽ നിന്നാണ് 2.09 കോടിപ്പേർ. 457 പേർ മാത്രമുള്ള ചണ്ഡീഗഡാണ് ഏറ്റവും പിന്നിൽ. ബംഗാളിൽ നിന്ന് ഇതുവരെ പദ്ധതിയിൽ ഒരു കർഷകൻ പോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ബംഗാളിന് പദ്ധതിപ്രകാരം പണമൊന്നും അനുവദിച്ചിട്ടുമില്ല.
ആശ്വാസ പദ്ധതി
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമ്പായാണ് പി.എം. കിസാൻ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. വോട്ടിലായിരുന്നു നോട്ടമെങ്കിലും, ഈ പദ്ധതി രാജ്യത്തെ 87 ശതമാനം കർഷകർക്കും ഗുണകരമാണെന്നാണ് നബാർഡിന്റെ വിലയിരുത്തൽ. നബാർഡിന്റെ സർവേ പ്രകാരം ഇന്ത്യയിലെ കർഷക കുടുംബങ്ങളുടെ പ്രതിവർഷ ശരാശരി സേവിംഗ്സ് 9,657 രൂപയാണ്. കിസാൻ സമ്മാൻ നിധി പ്രകാരമുള്ള 6,000 രൂപ ഇവർക്ക് വലിയ ആശ്വാസമാകും.
19.95 ലക്ഷം
കേരളത്തിൽ നിന്ന് പി.എം. കിസാൻ പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കർഷകർ 29.49 ലക്ഷം പേർ. ഇവരിൽ 29.03 ലക്ഷം പേർക്കും 2018-19ലെ ഏക ഗഡു ലഭിച്ചു. നടപ്പുവർഷത്തെ മൂന്നാമത്തെ ഗഡു ലഭിച്ചവർ 19.95 ലക്ഷം പേരാണ്. ബാക്കിയുള്ളവരുടെയും തുക കേന്ദ്രം വൈകാതെ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകും.
₹54,000 കോടി
പി.എം. കിസാൻ പദ്ധതി പ്രകാരം 2019-20ൽ ഇതുവരെ കേന്ദ്രസർക്കാർ കർഷകർക്ക് നൽകിയ ആകെത്തുക 54,000 കോടി രൂപയാണ്.
14.5 കോടി
രാജ്യത്തെ 14.5 കോടി ചെറുകിട കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 2020-21ലെ ബഡ്‌ജറ്റിൽ പദ്ധതിക്കായി വകയിരുത്തിയത് 75,000 കോടി രൂപയാണ്.