ക്ഷേമപെൻഷൻ വിതരണം ഇന്ന് തുടങ്ങും , ബാങ്കുകളിലെ ആൾക്കൂട്ടം നിയന്ത്രിക്കേണ്ടിവരും

Friday 27 March 2020 12:04 AM IST

തിരുവനന്തപുരം: ക്ഷേമപെൻഷനുകളുടെ വിതരണം ഇന്ന് തുടങ്ങുന്നതോടെ ബാങ്കുകളിലെ ആൾക്കൂട്ടം നിയന്ത്രിക്കാൻ കർശന നടപടി വേണ്ടിവരും.

ചെറിയൊരു വിഭാഗത്തിന് സഹ.ബാങ്കുകൾ പണം വീട്ടിലെത്തിക്കുന്നുണ്ട്. ഭൂരിഭാഗത്തിനും എ.ടി.എം ഇല്ലാത്തതിനാൽ ബാങ്കിലെത്തും. താമസിയാതെ തൊഴിലുറപ്പ് കൂലിയായി ഏതാണ്ട് ആയിരം കോടി രൂപയും ബാങ്കുകളിലെത്തുന്നുണ്ട്.

സോപ്പുപയോഗിച്ച് കൈ കഴുകിച്ചും സാനിറ്റൈസർ പുരട്ടിയുമാണ് ബാങ്കിലേക്ക് കയറ്റുന്നത്.

പെൻഷൻ വാങ്ങാൻ വരുന്ന വൃദ്ധരിൽ പലരും പരസഹായം തേടുന്നവരാണ്. ഇതും ആൾക്കൂട്ടം വർദ്ധിപ്പിക്കും.ശരാശരി രണ്ടോ മൂന്നോ കിലോമീറ്രർ താണ്ടിയാണ് മിക്കവരും ബാങ്കിലെത്തേണ്ടത് . ഏപ്രിൽ ഒന്നാം തീയതിയോടെ ബാങ്കുകളിലും ട്രഷറികളിലും സർവീസ് പെൻഷൻകാരുടെയും തിരക്കാവും.

1.പണം എത്തുന്നത് : മാർച്ച് 27,28, 29

2.രണ്ടു മാസത്തെ തുക: 2400 രൂപ

3.വിതരണം ചെയ്യുന്ന പൊതുമേഖലാ,

ഗ്രാമീണ ബാങ്കുകൾ: 4059

4.ക്ഷേമപെൻഷൻ വാങ്ങുന്നവർ:55 ലക്ഷത്തോളം (സഹ.ബാങ്കുകൾ വഴി ലഭിക്കുന്നവർ അടക്കം)

ബാങ്കിലെ നിയന്ത്രണം

1.കയറും മുമ്പ് കൈകൾ ശുചിയാക്കണം

2. വരുന്നവരെ സെക്യൂരിറ്റി ജീവനക്കാർ സ്ക്രീൻ ചെയ്യും.

3.ബാങ്ക് ജീവനക്കാരിലെ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അവധിയിൽ.

4. ജീവനക്കാർ എത്തുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ.