അണ്ടർ-17 വനിതാ ലോകകപ്പും ആശങ്കയിൽ

Friday 27 March 2020 12:47 AM IST

ഇന്ത്യയിലെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്തി ഫിഫ

മുംബയ്: ഇൗ വർഷം നവംബറിൽ ഇന്ത്യയിൽ നടക്കേണ്ട ഫിഫ അണ്ടർ-17 വനിതാ ലോകകപ്പും മാറ്റിവച്ചേക്കുമെന്ന് സൂചന. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്ന് ഫിഫ അറിയിച്ചു. പ്രാദേശിക സംഘാടക സമിതിയോട് തയ്യാറെടുപ്പുകളെപ്പറ്റിയും കൊറോണ വെല്ലുവിളികളെപ്പറ്റിയുമുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി നവംബർ രണ്ടുമുതൽ 21വരെയാണ് വനിതാലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. നവി മുംബയ്, ഭുവനേശ്വർ ,കൊൽക്കത്ത,ഗോഹട്ടി ,അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് വേദികൾ. ഇവിടങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങളടക്കം തടസപ്പെട്ടിരിക്കുകയാണ്.

ആതിഥേയരായ ഇന്ത്യയടക്കം 16 രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കേണ്ടത്. ജപ്പാൻ,ഉത്തര കൊറിയ എന്നിവർ മാത്രമാണ് ഇതിനകം യോഗ്യത നേടിയിരിക്കുന്നത്. ഏഷ്യയ്ക്ക് പുറത്തുള്ള എല്ലാമേഖലകളിലും യോഗ്യതാമത്സരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.നവംബറിന് മുമ്പ് ഇൗ മത്സരങ്ങൾ നടത്തിത്തീർക്കുക പ്രായോഗികമാണോ എന്ന് ഫിഫ പരിശോധിച്ച് വരികയാണ്.

ഇത് രണ്ടാം തവണയാണ് ഫിഫ ഒരു അണ്ടർ 17 ലോകകപ്പ് വേദി ഇന്ത്യയ്ക്ക് അനുവദിക്കുന്നത്. 2017ൽ ആൺകുട്ടികളുടെ ലോകകപ്പ് കൊച്ചി ഉൾപ്പടെയുള്ള വേദികളിൽ വിജയകരമായി നടത്തിയിരുന്നു.