ഫ്ലാറ്റുകളിലെ സെക്യൂരിറ്റിക്കാരെ അവിടെത്തന്നെ താമസിപ്പിക്കണം, കടകളിലെ പിൻവാതിൽ വിൽപ്പന അനുവദിക്കില്ല... പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ

Friday 27 March 2020 5:21 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ തിരുവനന്തപുരം നഗരത്തിലെ ഫ്ളാറ്റുകളിൽ സെക്യൂരിറ്റി ജീവനക്കാരെ അവിടെത്തന്നെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. ഫ്ളാറ്റുകളിൽ എട്ട് മണിക്കൂർ ഷിഫ്റ്റിൽ 3 സെക്യൂരിറ്റി ജീവനക്കാർ വീതമാണുള്ളത്.ഇവർ ദിവസവും ജോലി കഴിഞ്ഞ് വീടുകളിൽ പോയി വരികയാണ്.ഈ സംവിധാനം അനുവദിക്കില്ല. സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം ഫ്ളാറ്റുകളിലെ ക്ളിനിംഗ് ജീവനക്കാരേയും താമസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിൻവാതിൽ വിൽപ്പന അനുവദിക്കില്ല

ഇന്നും തലസ്ഥാനത്ത് ജനം വാഹനങ്ങളുമായി റോഡിലിറങ്ങുന്നുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസത്തെക്കാളും പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിവതും പുറത്തിറങ്ങുന്നവരെ പിന്തിരിപ്പിച്ച് വീട്ടിലേക്ക് മടക്കി അയയ്ക്കാനാണ് ശ്രമിക്കുന്നത്. പുലർച്ചെ മുതൽ എല്ലാ റോഡുകളിലും പൊലീസിന്റെ പ്രത്യേക സംഘം പരിശോധനയ്ക്കുണ്ട്. കാൽനട യാത്രപോലും നിരോധിച്ചിട്ടും ചിലർ വാഹനവുമായി പുറത്തിറങ്ങുന്നത് തലവേദനയാണ്. ഞങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിനെക്കാൾ ജനം സ്വയം മനസിലാക്കണം.


സർക്കാരിന്റെയും പൊലീസിന്റെയും വിലക്കുകൾ ലംഘിച്ച് അനാവശ്യയാത്രകൾ നടത്തിയ അഞ്ഞൂറിലധികം പേർക്കെതിരെയാണ് നഗരത്തിൽ കേസെടുത്ത് വാഹനങ്ങൾ പിടിച്ചെടുത്തത്. തമ്പാനൂർ, ഫോർട്ട്, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. ഇവിടങ്ങളിൽ നിന്ന് 75 ഇരുചക്ര വാഹനങ്ങളും 15 ഓട്ടോറിക്ഷകളും 2 കാറുകളുമാണ് പൊലീസ് പിടിച്ചെടുത്തത്.

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. മൊത്ത, ചില്ലറ വ്യാപാരികളുടെ ഗോഡൗണുകളിൽ സിറ്റി പൊലീസ് പരിശോധന നടത്തി. അവിടെ സൂക്ഷിച്ചിരുന്ന അവശ്യ സാധനങ്ങൾ പിടിച്ചെടുത്തു. വിലക്കയറ്റം ഒരുകാരണവശാലും അനുവദിക്കില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാതെ തുറന്ന് വച്ചിരിക്കുന്ന അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ പൂട്ടിക്കും. കട അടച്ചിട്ട് പിൻവാതിലിലൂടെ വിൽപ്പന നടത്താൻ അനുവദിക്കില്ല. പച്ചക്കറികൾ റോഡിലിട്ട് വിൽക്കാനും സമ്മതിക്കില്ല.

സഹായം ആവശ്യപ്പെടാം
അനാവശ്യ സഞ്ചാരം ഒഴിവാക്കാനായി തിരുവനന്തപുരം സിറ്റിയിൽ അതിർത്തികളെല്ലാം അടച്ചു കൊണ്ടുള്ള പരിശോധനയാണ് നടക്കുന്നത്. എന്നാൽ, ചിലയിടങ്ങളിൽ
പൊലീസ് അനാവശ്യ ഭയം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അതൊഴിവാക്കും.
ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ ദിവസവും ബന്ധപ്പെട്ട് അവർക്ക് സഹായങ്ങൾ എത്തിക്കാനുള്ള നടപടിയും പൊലീസ് സ്വീകരിക്കുന്നുണ്ട്. കൂടാതെ ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർമാർ (സി.ആർ.ഒ) ദിവസേന പരമാവധി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് തങ്ങളുടെ അസോസിയേഷൻ പരിധിയിൽ താമസിക്കുന്നവരുടെ അനാവശ്യ യാത്രകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ മൂന്നുദിവസത്തിൽ 598 റസിഡന്റ്സ് അസോസിയേഷനുകൾക്കാണ് ബോധവത്കരണം നടത്തിയത്.
ലോക്ക്ഡൗൺ കാലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന രോഗികൾക്കും മുതിർന്ന പൗരൻമാർക്കും സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിന് സിറ്റി പൊലീസ് പ്രത്യേക പരിഗണന നല്‍കും. അവരെ കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർമാർ ഫോണിൽ വിളിച്ചു ആവശ്യങ്ങൾ ആരായും. ഇത്തരത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി 1011 മുതിർന്ന പൗരൻമാരെ ബന്ധപ്പെട്ടിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയുന്ന രോഗികൾക്കോ മുതിർപൗരൻമാർക്കോ, 112ൽ ബന്ധപ്പെട്ട് പൊലീസ് സഹായത്തിന് ആവശ്യപ്പെടാവുന്നതാണ്.
അവശ്യസാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ചിലർ വാഹനങ്ങളിൽ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവർക്കെതിരെ കേസെടുക്കും. വീടിന് സമീപത്തുള്ള കടകളിലേയ്ക്ക്
മാത്രമേ സാധനങ്ങൾ വാങ്ങാൻ പോകാൻ പൊലീസ് അനുവദിക്കുകയുള്ളു. ബാങ്ക് ജീവനക്കാരും, മറ്റു അവശ്യ സർവീസ് നടത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും, ജോലി സ്ഥലത്ത് ഡ്രൈവർമാരുമായി വന്നശേഷം വാഹനം മടക്കി അയക്കുന്നത് നിറുത്തലാക്കണം. പകരം ഡ്യൂട്ടി കഴിയുന്നത് വരെ ഡ്രൈവർമാരെ ഒപ്പം നിർത്തണം.