കൊറോണ: മാന്ദ്യം തുരത്താൻ വടിയെടുത്ത് റിസർവ് ബാങ്കും
കൊച്ചി: കൊറോണ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാവുകയും പ്രതിസന്ധി മറികടക്കാൻ പ്രമുഖ രാജ്യങ്ങളെല്ലാം പലിശ ഇളവിന്റെ പാത സ്വീകരിച്ചതുമാണ് റിസർവ് ബാങ്കിനെയും അടിയന്തരമായി പലിശ കുറയ്ക്കാൻ പ്രേരിപ്പിച്ചത്. മാർച്ച് 31, ഏപ്രിൽ ഒന്ന്, മൂന്ന് തീയതികളിലാണ് എം.പി.സിയുടെ യോഗം നിശ്‌ചയിച്ചിരുന്നത്. മൂന്നിന് ധനനയം പ്രഖ്യാപിക്കാനും. എന്നാൽ, കൊറോണ സമ്പദ്‌വ്യവസ്ഥയെ ഉലച്ചത് കണക്കിലെടുത്ത് മാർച്ച് 24, 26, 27 തീയതികളിലായി യോഗം ചേരുകയായിരുന്നു.
ചൈന, അമേരിക്ക, റഷ്യ, മെക്‌സിക്കോ, ഇൻഡോനേഷ്യ, ഓസ്‌ട്രേലിയ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, മൗറീഷ്യസ്, നോർവേ, ബ്രസീൽ, ന്യൂസിലൻഡ്, ചിലി, ഹോങ്കോംഗ്, മക്കാവു, യു.എ.ഇ., കുവൈറ്ര്, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ നേരത്തേ തന്നെ പലിശ വെട്ടിക്കുറച്ചിരുന്നു. അമേരിക്ക, സൗദി അറേബ്യ, ഓസ്‌ട്രേലിയ, ഐസ്‌ലൻഡ്, ഖത്തർ, മക്കാവു, കുവൈറ്ര്, യു.എ.ഇ, കാനഡ, ഹോങ്കോംഗ് എന്നിവ രണ്ടുമാസത്തിനിടെ ഒന്നിലേറെത്തവണയാണ് പലിശ കുറച്ചത്.
ആർക്കാണ് നേട്ടം?
പുതുതായി വായ്‌പ എടുക്കുന്നവർക്കാണ് റിപ്പോ നിരക്കിൽ ഇപ്പോഴുണ്ടായ വൻ ഇളവിന്റെ നേട്ടം ലഭിക്കുക. ഇതിന് ആദ്യം വേണ്ടത്, റിപ്പോ ഇളവിന്റെ ചുവടുപിടിച്ച് ബാങ്കുകൾ വായ്‌പാ പലിശനിരക്ക് കുറയ്ക്കുകയാണ്.
നിലവിൽ വായ്‌പ എടുത്തിട്ടുള്ളവർക്ക്, അതിന്റെ പുതുക്കൽ വേള മുതലോ (അതത് വായ്‌പയുടെ അടിസ്ഥാന പലിശനിരക്കായ എം.സി.എൽ.ആർ, എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് റേറ്റ് എന്നിവ പുതുക്കുന്ന വേള മുതൽ) പലിശയിളവിന്റെ ആനുകൂല്യം ലഭിക്കും.
ഫിക്‌സഡ് പലിശനിരക്കിൽ വായ്‌പ എടുത്തവർക്ക് വായ്‌പാ കാലയളവിലുടനീളം ആദ്യം നിശ്‌ചയിച്ച പലിശ തന്നെയായിരിക്കും. ഇവർക്ക് റിപ്പോ ഇളവിന്റെ നേട്ടം ലഭിക്കില്ല.
പഴയ ബേസ്റേറ്റ്, എം.സി.എൽ.ആർ എന്നിവയേക്കാൾ കുറവാണ് എക്‌സ്‌റ്രേണൽ ബെഞ്ച്‌മാർക്ക് അധിഷ്‌ഠിത വായ്‌പാ പലിശ. ബേസ്‌റേറ്ര്, എം.സി.എൽ.ആർ എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് എക്‌സ്‌റ്റേണൽ റേറ്രിലേക്ക് മാറാൻ കഴിയും. ഇത്, പലിശഭാരം കുറയ്ക്കും.
ആർക്കാണ് കോട്ടം?
നിക്ഷേപ പലിശ കുറയും: റിവേഴ്‌സ് റിപ്പോ കുറഞ്ഞതിന്റെ ചുവടുപിടിച്ച് ബാങ്കുകൾ നിക്ഷേപങ്ങൾക്കുള്ള പലിശയും കുറയ്ക്കും. 2019 ഡിസംബർ മുതൽ റിവേഴ്‌സ് റിപ്പോ റിസർവ് ബാങ്ക് കുറച്ചിരുന്നില്ലെങ്കിലും എസ്.ബി.ഐ ഫെബ്രുവരിയിലും മാർച്ചിലും നിക്ഷേപപ്പലിശ താഴ്‌ത്തിയിരുന്നു. ഇപ്പോൾ റിവേഴ്‌സ് റിപ്പോ കുറഞ്ഞതിനാൽ ഇനിയും ബാങ്കുകൾ നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പലിശനിരക്കും താഴ്‌ത്തും. സ്ഥിരനിക്ഷേപങ്ങളുള്ളവരെയാണ് ഇതു കൂടുതൽ ബാധിക്കുക.
റിപ്പോ ഇളവിന്റെ പാത
- 2019 ഫെബ്രുവരി 6 : 6.25%
- 2019 ഏപ്രിൽ 04 : 6.00%
- 2019 ജൂൺ 06 : 5.75%
- 2019 ആഗസ്‌റ്ര് 07 : 5.40%
- 2019 ഒക്‌ടോബർ 04 : 5.15%
- 2019 ഡിസംബർ 05 : 5.15%
- 2020 ഫെബ്രുവരി 06 : 5.15%
- 2020 മാർച്ച് 27 : 4.40%
7 വർഷം
റിസർവ് ബാങ്ക് സി.ആർ.ആർ കുറയ്ക്കുന്നത് ഏഴുവർഷത്തിനിടെ ആദ്യമാണ്. 2013 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് കുറച്ചത്. 0.25 ശതമാനമാണ് അന്ന് കുറച്ചത്.
എം.പി.സിക്ക് അടിയന്തര യോഗം
- റിസർവ് ബാങ്ക് ഗവർണർ ശക്തിദാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയിലെ (എം.പി.സി) മറ്രംഗങ്ങൾ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജനക് രാജ്, സ്വതന്ത്ര അംഗങ്ങളായ ഡോ. രവീന്ദ്ര ധൊലാക്കിയ, ഡോ. ചേതൻ ഖാട്ടെ, ഡോ. പാമി ദുവ എന്നിവരാണ്.
- പലിശ കുറയ്ക്കാനുള്ള തീരുമാനം ആറംഗങ്ങളും ഐകകണ്ഠേനയാണ് എടുത്തത്.
- ശക്തികാന്ത ദാസ്, രവീന്ദ്ര ധൊലാക്കിയ, മൈക്കൽ പാത്ര, ജനക് രാജ് എന്നിവർറിപ്പോ നിരക്ക് 0.75 ശതമാനവും ചേതൻ ഖാട്ടെ, പാമി ദുവ എന്നിവർ 0.50 ശതമാനവും കുറയ്ക്കാൻ വോട്ടിട്ടു.
- ഭൂരിപക്ഷ വോട്ട് പ്രകാരം 4-2ന് റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ചു.
- ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ശേഷം ഇതുവരെ റിപ്പോയിലുണ്ടായ കുറവ് 2.10 ശതമാനം.
3.2%
കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ പൊതുവിപണിയിലേക്ക് റിസർവ് ബാങ്ക് ഒഴുക്കിയ പണം 2.8 ലക്ഷം കോടി രൂപയാണ്. ഇത് ഇന്ത്യയുടെ ജി.ഡി.പിയുടെ 1.4 ശതമാനമാണ്. പുതിയ പാക്കേജ് പ്രഖ്യാപന പ്രകാരം ഒഴുക്കുന്നത് 3.74 ലക്ഷം കോടി രൂപ. ഇത്, ജി.ഡി.പിയുടെ 3.2 ശതമാനമാണ്.