ക്യൂബൻ മരുന്ന് പരിഗണിക്കും
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ക്യൂബൻ സർക്കാരിന്റെ മരുന്നുകൾ പരിഗണിക്കാൻ സർക്കാർ നീക്കം. ഇന്നലെ അവലോകന യോഗത്തിൽ ഉയർന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഡ്രഗ്സ് കൺട്രോളറോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
രോഗവ്യാപനം തടയാൻ എല്ലാ മാർഗ്ഗവും സ്വീകരിക്കുമെന്നും രോഗപ്രതിരോധത്തിനുള്ള എല്ലാ സാദ്ധ്യതകളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് പരിശോധനാ സംവിധാനം കൂടുതൽ ആവശ്യമായ സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയാവുകയാണ്. അത് ലഭിച്ചാലുടൻ നടപടിയാരംഭിക്കും. എച്ച്.ഐ.വി ബാധിതർക്കുള്ള മരുന്ന് ജില്ലാ ആശുപത്രികളിൽ നൽകിവരുന്നത് താലൂക്ക് ആശുപത്രികളിലും നൽകും.
പൊലീസ് നടപടി ഫലപ്രദം
ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്ന പൊലീസ് നടപടികൾ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തുടരും. അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ.ആരെയും ബുദ്ധിമുട്ടിക്കാനല്ല നിയന്ത്രണം. പൊതുസമൂഹത്തിന്റെ സംരക്ഷണത്തിനാണ്. എല്ലാവരും സഹകരിക്കണം. ഒഴിച്ചുകൂടാനാവാത്ത ആവശ്യത്തിനിറങ്ങുന്നവർ കൈയിൽ സ്റ്റേറ്റ്മെന്റ് കരുതണം. അത് പരിശോധിച്ച് മനസ്സിലാക്കാൻ പൊലീസ് തയാറാകണം. ശരിയെന്ന് ബോദ്ധ്യപ്പെട്ടാൽ പോകാനനുവദിക്കാം. കബളിപ്പിച്ചാൽ ശക്തമായ നടപടിയുമുണ്ടാകും. എന്നാൽ അത്തരം പരിശോധനകൾ കൂടാതെ തടയുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്നത് നല്ല പ്രവണതയല്ല. പരാതി ഉണ്ടാവുന്നത് ഒഴിവാക്കാൻ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
പൊലീസിന് കുടിവെള്ളം നൽകണം
കടുത്ത വെയിലത്ത് നിന്ന് ഡ്യൂട്ടി നോക്കുന്ന പൊലീസുകാർ വെള്ളം നല്ലപോലെ കുടിക്കണം. അവർക്ക് കുടിവെള്ളം ലഭ്യമാക്കാൻ അതത് പ്രദേശങ്ങളിലെ ജനങ്ങളും റോഡരികിൽ താമസിക്കുന്നവരും റസിഡന്റ്സ് അസോസിയേഷൻകാരും ശ്രദ്ധിക്കണം.