ഗോക്കൾക്കൊപ്പം
തൊടുപുഴ: ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നന്നായെന്ന് മുൻമന്ത്രിയും കേരളകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാനുമായ പി.ജെ. ജോസഫ് പറയും. അല്ലായിരുന്നെങ്കിൽ ജൂലിയുടെ പ്രസവത്തിന് ഒപ്പമുണ്ടാവില്ലായിരുന്നു. അഞ്ച് ദിവസമേ ആയുള്ളൂ ജൂലി പ്രസവിച്ചിട്ട്. മകൾ കരീന ഓടിച്ചാടി നടക്കുന്നു. ജോസഫിന് ഏറെ പ്രിയപ്പെട്ട എച്ച്.എഫ് ഇനത്തിൽപ്പെട്ട പശുവാണ് ജൂലി. ഗീർ ഇനത്തിൽപ്പെട്ട കാളയിൽ ജൂലിക്കുണ്ടായ കിടാവ് കരീനയുടെ നിറം കറുപ്പും വെളുപ്പുമാണ്. അമ്മയെയും മകളെയും പരിചരിക്കലാണ് ജോസഫിന്റെ ഇപ്പോഴത്തെ പ്രധാന ജോലി. രാവിലെ മൂന്ന് മണിക്ക് എഴുന്നേൽക്കും. പ്രഭാതകർമങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ചാനലുകൾ കാണും. നാല് മണിയോടെ നേരെ തൊഴുത്തിലേയ്ക്ക്. ജോസഫിന്റെ തൊഴുത്തിൽ 70 പശുക്കളാണുള്ളത്. ഇതിൽ കറവയുള്ളത് 40. ദിവസവും 700 ലിറ്റർ പാൽ കിട്ടുന്നുണ്ട്. ചെലവെല്ലാം കഴിഞ്ഞ് 12,000 രൂപ ഒരു ദിവസം ലാഭമായി കിട്ടുന്നുണ്ട്.