ഡിമാൻഡില്ല; കൂപ്പുകുത്തി ക്രൂഡോയിൽ വില

Sunday 29 March 2020 4:44 AM IST

കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന്, ആഗോളനിരത്തുകൾ നിശ്‌ചമായതിനാൽ ഡിമാൻഡില്ലാതായ ക്രൂഡോയിൽ വില ഇന്നലെ കുത്തനെ ഇടിഞ്ഞു. ഒരുവേള 7.35 ശതമാനം വരെ ഇടിഞ്ഞ യു.എസ് ക്രൂഡ് വില ബാരലിന് 17 വർഷത്തെ താഴ്‌ചയായ 20.94 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 3.91 ശതമാനം ഇടിഞ്ഞ് 27.53 ഡോളറുമായി.

അമേരിക്കയും ഇന്ത്യയും ചൈനയും അടക്കമുള്ള മുൻനിര ഉപഭോഗ രാജ്യങ്ങളെല്ലാം ലോക്ക്ഡൗണിന്റെ പിടിയിലാണ്. കൊറോണ സൃഷ്‌ടിച്ച പ്രതിസന്ധി തടയാൻ അമേരിക്ക 2.2 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 153 ലക്ഷം കോടി രൂപ) രക്ഷാപാക്കേജ് പ്രഖ്യാപിച്ചിരുന്നു. പാക്കേജ് നടപ്പാക്കേണ്ടതിനാൽ, അമേരിക്കയുടെ ഊർജ വകുപ്പ് കരുതൽ ശേഖരത്തിലേക്ക് വകയിരുത്താനായി നിശ്‌ചയിച്ച ക്രൂഡ് പ‌ർച്ചേസ് വേണ്ടെന്നുവച്ചതും വിലയെ താഴേക്ക് നയിച്ചു.

ക്രൂഡ് ഉത്‌പാദനം വെട്ടിക്കുറച്ച് വിലയിടിവ് പിടിച്ചുനിറുത്താൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് രാഷ്‌ട്രങ്ങളും ഒപെക്കിൽ അംഗമല്ലാത്ത റഷ്യയും തീരുമാനിച്ചിരുന്നു. എന്നാൽ, അടുത്തിടെ നടന്ന ചർച്ചയിൽ സൗദിയും റഷ്യയും തമ്മിൽ ഇക്കാര്യത്തിലുണ്ടായ തർക്കവും വിലയിടിവിന് കാരണമാകുന്നുണ്ട്. റഷ്യയോട് പിണങ്ങിയ സൗദി, ഉത്‌പാദനം കൂട്ടുന്നതാണ് കാരണം.

നേട്ടം കിട്ടാതെ

ഇന്ത്യക്കാർ

ക്രൂഡോയിൽ വില 2003ന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കിൽ എത്തിയെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണ വിതരണക്കമ്പനികൾ തയ്യാറായിട്ടില്ല. കഴിഞ്ഞ 12 ദിവസമായി രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല.

  • പെട്രോൾ : ₹72.99
  • ഡീസൽ : ₹67.19

(തിരുവനന്തപുരം വില)