ലോക്ക് ഡൗൺ കാലത്തും പാമ്പുകൾക്ക് പഞ്ഞമില്ല. വാവ സുരേഷിന് വിശ്രമവുമില്ല

Sunday 29 March 2020 1:47 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തും പാമ്പുകൾക്ക് പഞ്ഞമില്ല. അതുകൊണ്ട് വാവാ സുരേഷിന് വിശ്രമവുമില്ല. മുമ്പത്തെയത്ര എണ്ണമില്ലെന്നു മാത്രം. "ഒരുപാട് ഫോൺ കോളുകൾ വരുന്നുണ്ട്. ഹോട്ടലുകളൊന്നും ഇല്ലാത്തതുകൊണ്ട് ആഹാരം കിട്ടാനാണ് ബുദ്ധിമുട്ട്. പല ദിവസവും വെള്ളം മാത്രമെ കിട്ടൂ. മറ്റു വീടുകളിൽ നിന്ന് ഒന്നും കഴിക്കില്ല. സുഹൃത്തുക്കൾ പൊതിഞ്ഞു തരുന്ന ഭക്ഷണം ചിലപ്പോൾ കഴിക്കും. അതുകൊണ്ട് പാമ്പുപിടിത്തം നേരത്തെ അവസാനിപ്പിക്കേണ്ടിവരും." പാമ്പുപിടിത്തവുമായി കേരളം മുഴുവൻ സഞ്ചരിക്കുന്ന വാവ സുരേഷ് പറയുന്നു.

ലോക്ക് ഡൗൺ ആയതുകൊണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു ഒപ്പം വരാനാകാത്തതുകൊണ്ട് ഒറ്റയ്ക്കാണ് പാമ്പുപിടിത്തം. ഹാൻഡ് വാഷും സാനിറ്റൈസറും മാസ്‌ക്കും കൂടെ കരുതും. പാമ്പിനെക്കാൾ ഭീകരനാണ് കൊറോണ വൈറസ് എന്നാണ് വാവാ സുരേഷിന്റെ പക്ഷം. പാമ്പ് ഇഴഞ്ഞു പൊയ്ക്കോളും. വൈറസ് അങ്ങനെയൊന്നും പോകില്ല. വേനലിൽ പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തിറങ്ങുന്നത് കൂടുതലാണ്. മുറ്റത്തും പറമ്പിലും പാമ്പിനെ പിടിക്കാൻ ഇറങ്ങുന്നവ‌ർ സൂക്ഷിക്കണം. പാമ്പിന് കൊറോണക്കാലമില്ലെന്നും വാവാ സുരേഷ് ഓർമ്മിപ്പിക്കുന്നു.