കൊറോണ: പൊലീസ് പാസിനുള്ള ഓൺലൈൻ അപേക്ഷ പതിനായിരം കടന്നു,​ ദുരുപയോഗം ചെയ്താൽ നടപടി

Monday 30 March 2020 1:22 PM IST

തിരുവനന്തപുരം: കൊറോണ രോഗവ്യാപനം തടയുന്നതിനുളള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനായുള്ള സത്യവാങ്ങ്മൂലം, വെഹിക്കിൾ പാസ് എന്നിവയ്ക്ക് പൊലീസ് സജ്ജമാക്കിയ ഓൺലൈൻ സംവിധാനത്തിൽ അപേക്ഷകരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച ഓൺലൈൻ സംവിധാനത്തിൽ ഇന്ന് രാവിലെവരെ അപേക്ഷിച്ചവരുടെ കണക്കാണിത്.

ഓൺ ലൈൻ അപേക്ഷകൾ പൊലീസ് കൺട്രോൾ സെന്ററിലും സ്പെഷ്യൽബ്രാഞ്ചിലും പരിശോധിച്ചശേഷം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ സത്യവാങ്മൂലം അംഗീകരിക്കും. സത്യവാങ്ങ്മൂലം അംഗീകരിച്ചതിന്റെ ലിങ്ക് യാത്രക്കാരന്റെ മൊബൈൽ നമ്പരിലേയ്ക്ക് മെസേജ് ആയി നൽകും. യാത്രവേളയിൽ പൊലീസ് പരിശോധനയ്ക്കായി ഈ ലിങ്കിൽ ലഭിക്കുന്ന സത്യവാങ്ങ്മൂലം കാണിച്ചാൽ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ ആ വിവരം മൊബൈൽ നമ്പറിലേയ്ക്ക് മെസേജ് ആയി ലഭിക്കും.

ഒരു ആഴ്ചയിൽ ഓൺലൈൻ മുഖാന്തിരം ഉള്ള സത്യവാങ്ങ്മൂലപ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കൂ. പരമാവധി 50 കി.മീറ്രറാണ് സഞ്ചരിക്കാവുന്ന പരമാവധി ദൂരപരിധി. ഇതിന് പുറമേ മരണം, ആശുപത്രി സന്ദർശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ള വെഹിക്കിൾ പാസിനുള്ള അപേക്ഷകളും ഓൺലൈൻ വഴി സ്വീകരിക്കുന്നുണ്ട്. സത്യവാങ്ങ് മൂലത്തിനുള്ള അപേക്ഷകളാണ് ഓൺലൈനിൽ ലഭിച്ചിട്ടുള്ളതിൽ അധികവും.

സൈബർ ഡോം നോഡൽ ഓഫീസർ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓൺലൈൻ സംവിധാനം വികസിപ്പിച്ചത്. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സത്യവാങ്ങ് മൂലത്തിന് യാത്രക്കാർ പേര്, മേൽവിലാസം, വാഹനത്തിന്റെ നമ്പർ,സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയശേഷം യാത്രക്കാരന്റെ ഒപ്പ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്ക് ശേഷം അപേക്ഷ അംഗീകരിച്ചതിന്റെ ലിങ്ക് അപേക്ഷകന്റെ മൊബൈലിലെത്തും. അപേക്ഷകൻ ഡൗൺ ലോഡ് ചെയ്താൽ മതി. വെഹിക്കിൾ പാസിന് പേര്, മേല്‍ വിലാസം, മൊബൈൽ നമ്പർ എന്നിവ ചേർത്ത ശേഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യൽ ഐ..ഡി കാർഡ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്കു ശേഷം പാസ് യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കും.

നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുവാൻ ലഭ്യമാക്കിയ ഈ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു.