സൗജന്യ റേഷൻ ബുധനാഴ്ച മുതൽ,​ കൂട്ടംകൂടൽ ഒഴിവാക്കണമെന്ന് മന്ത്രി: നിയന്ത്രണങ്ങൾ ഇങ്ങനെ

Monday 30 March 2020 4:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. മുൻഗണന പട്ടികയിൽ ഉള്ളവർക്ക് റേഷൻ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കടകളിൽ ആളുകൾ തിക്കിത്തിരക്കി പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഒരു സമയം അഞ്ച് പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കാൻ പാടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ ദിവസം രാവിലെ മുതൽ ഉച്ചവരെ എ.എ.ഐ, പി.എച്ച്.എച്ച് വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ നൽക്കും. റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യ അരി നൽകുന്നതാണ്. ഇതിനായി കുടുംബത്തിലെ മുതിർന്നയാൾ സത്യവാങ്മൂലം തയാറാക്കി ബന്ധപ്പെട്ട റേഷൻ വ്യാപാരിക്ക് നൽകണം. സത്യവാങ്മൂലത്തിൽ ആധാർ നമ്പരും ഫോൺ നമ്പരും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.