കാരുണ്യ മരുന്നുകൾ നാളെ മുതൽ കിട്ടാത്ത സ്ഥിതിയെന്ന് കെ.പി.സി.സി
തിരുവനന്തപുരം: കാരുണ്യ പദ്ധതി വഴി വൃക്കരോഗികൾക്ക് ലഭിച്ചുവരുന്ന മരുന്നുകൾ ഇന്നു കഴിഞ്ഞാൽ ലഭിക്കാത്ത സ്ഥിതിയാണെന്നും ഇത് പരിഹരിക്കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടു. വൃക്കസംബന്ധമായ രോഗികൾക്ക് സ്ഥിരമായി കാരുണ്യ വഴി ലഭിക്കുന്ന മരുന്നുകൾക്ക് സർക്കാർ ആശുപത്രിയിൽ നിന്നു ബുക്കിൽ പതിച്ച് വാങ്ങേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ പലർക്കും ആശുപത്രിയിലെത്തി അത് ചെയ്യാൻ കഴിയാത്ത സ്ഥിതിയായതിനാൽ നാളെ മുതൽ കിട്ടാത്ത അവസ്ഥ വരും.
കെ.പി.സി.സി ആസ്ഥാനത്ത് ആരംഭിച്ച കൺട്രോൾറൂമിലേക്ക് വരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സാസഹായവും പെൻഷൻ മുടങ്ങിയതിലെ ആശങ്കയും അറിയിക്കാനാണ് ഫോൺകാളുകളിലേറെയുമെന്ന് ജനറൽസെക്രട്ടറി കെ.പി. അനിൽകുമാർ പറഞ്ഞു. സാമൂഹ്യ പെൻഷൻ വിതരണം ആരംഭിച്ചെങ്കിലും ബാങ്കുകളിലെ തിരക്ക് കാരണം സ്വീകരിക്കാനാവുന്നില്ല. സാങ്കേതികത്വത്തിന്റെ പേരിൽ പെൻഷൻ മുടങ്ങിയ കാസർകോട് കരിന്തളം സ്വദേശിക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങൾ ഡി.സി.സി മുഖേന എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.