ലോക്ക് ഡൗണിൽ പുറത്തിറങ്ങണം, പൊലീസിന് കിട്ടിയത് 82,630 ഓൺലൈൻ അപേക്ഷകൾ

Tuesday 31 March 2020 12:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രാ നിയന്ത്രണം കർശനമാക്കിയതോടെ പൊലീസിന് ലഭിച്ചത് എൺപതിനായിരത്തോളം അപേക്ഷകൾ. അത്യാവശ്യ ഘട്ടത്തിൽ സഞ്ചരിക്കുന്നതിനായി സത്യവാങ്മൂലം, എമർജൻസി പാസ് എന്നിവ ലഭ്യമാക്കാൻ കേരള പൊലീസ് സൈബർഡോം തയ്യാറാക്കിയ ഓൺലൈൻ സംവിധാനത്തിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിവരെയുളള കണക്കനുസരിച്ച് രണ്ട് വിഭാഗത്തിലുമായി 82,630 പേരാണ് അപേക്ഷിച്ചത്. സത്യവാങ്മൂലത്തിന് 74,084 പേരും പാസിന് 8546 പേരും അപേക്ഷിച്ചു.

ഇവയിൽ 12,020 പേർക്ക് യാത്രാനുമതി നല്‍കി. 34,256 അപേക്ഷകൾ നിരസിച്ചു. 36, 354 അപേക്ഷകൾ പരിഗണനയിലാണ്. തെറ്റായ വിവരങ്ങൾ നല്‍കിയതും യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന സമയത്തിന് മുമ്പ് പരിഗണിക്കാൻ കഴിയാതെ വന്നതുമായ അപേക്ഷകളാണ് നിരസിച്ചിരിക്കുന്നതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. ഇന്ന് കഴിയുമ്പോഴേക്കും അപേക്ഷകളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.