ലോക്ക് ഡൗൺ കാലത്ത് തെരുവ് മൃഗങ്ങളെയും പട്ടിണിക്കിടില്ല, ഊട്ടാൻ ഭക്ഷണ വണ്ടി എത്തും

Tuesday 31 March 2020 4:14 PM IST

കൊച്ചി: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണം കിട്ടാത്ത മൃഗങ്ങളെ ഊട്ടാൻ ഭക്ഷണ വണ്ടി എത്തും. വൺനസ് സംഘടനയിലെ 22 വോളന്റിയർമാർ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവു മൃഗങ്ങൾക്കായി ഭക്ഷണം എത്തിക്കുന്നത്. ഓരോ പ്രദേശത്തും മൃഗങ്ങൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇവരുടെ ഭക്ഷണ വിതരണം. കൂടാതെ വോളന്റിയർമാർ അവരുടെ വീടിനു സമീപത്തും ഇത്തരത്തിൽ തെരുവുമൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.

ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെയുള്ള പദ്ധതിയ്ക്ക് ഇന്ന് തുടക്കമായി. വൺനെസ്, ധ്യാൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ പ്രവർത്തകരാണ് വോളന്റിയർമാരായി പ്രവർത്തിക്കുക. രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് അഞ്ച് മുതൽ എട്ടു വരെയുമാണ് ഇവർക്ക് ഭക്ഷണ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ദിവസേന 15 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് മൃഗങ്ങൾക്കായി ഇവർ തയ്യാറാക്കുന്നത്. ചോറിനു പുറമെ ബിസ്‌ക്കറ്റുകളും മൃഗങ്ങൾക്കുള്ള ആഹാരവും ചേർത്താണ് വൺനെസിന്റെ ഭക്ഷണ വിതരണം. ഭക്ഷണവിതരണത്തിൽ ഇന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പങ്കാളിയായി. എറണാകുളം ബോട്ട് ജെട്ടിക്കുസമീപം തെരുവിൽ അലഞ്ഞു നടന്ന മൃഗങ്ങൾക്കായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. തെരുവിൽ കഴിയുന്ന മൃഗങ്ങളുടെ ഭക്ഷണ സൗകര്യമുൾപ്പെടെ ഒരുക്കാൻ മൃഗ സംരക്ഷണ വകുപ്പ്‌ ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചു. 9995511742 എന്ന നമ്പറിൽ വിളിച്ചറിയിക്കാം.