ഡോക്ടറുടെ കുറിപ്പനുസരിച്ച് മദ്യം വിൽക്കുന്നത് തുഗ്ലക് പരിഷ്കാരം: ചെന്നിത്തല

Tuesday 31 March 2020 5:54 PM IST

​​​​തിരുവനന്തപുരം: ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യത്തിന് പാസ് നൽകാനുള്ള സർക്കാർ തീരുമാനം തുഗ്ലക്ക് പരിഷ്കാരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. വൻസാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ ഉത്തരവ് ഉടൻ പിൻവലിക്കണം. എല്ലാ വശങ്ങളും ആലോചിച്ചിട്ടാണോ സർക്കാർ ഈ തീരുമാനമെടുത്തതെന്ന് അറിയില്ല. ആഴത്തിലുള്ള പ്രത്യാഘാതമാണ് ഇത് സമൂഹത്തിലുണ്ടാക്കുക. മദ്യം മരുന്നല്ല എന്നതാണ് ഒന്നാമത്തെ കാര്യം. അതുകൊണ്ടുതന്നെ മദ്യത്തെ മരുന്നായി നിർദ്ദേശിച്ച് കുറിപ്പടി എഴുതാൻ ഡോകർമാരെ അവരുടെ വൈദ്യശാസ്ത്രപരമായ ധാർമ്മികത അനുവദിക്കില്ല. മെഡിക്കൽ എത്തിക്സിന് ചേരാത്ത പ്രവൃത്തി ചെയ്യാൻ ഡോക്ടർമാരെ നിർബന്ധിക്കാൻ സർക്കാരിന് അധികാരമില്ല. മദ്യം ആവശ്യമുള്ളവർ ഒ.പി.ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയരായി ഡോക്ടറുടെ കുറിപ്പ് വാങ്ങണമെന്നാണ് ഉത്തരവ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ തകിടം മറിയ്ക്കും. .
ഈ തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സമൂഹം ഉയർത്തുന്ന പ്രതിഷേധം സർക്കാർ കാണാതെ പോകരുത്. മദ്യം വിൽക്കുന്നതിനുള്ള ഏജന്റുമാരായി ഡോക്ടർമാരെ തരം താഴ്ത്തുന്നത് ശരിയല്ല. വൻതോതിലുള്ള അഴിമതിക്കും ഉത്തരവ് വഴിവയ്ക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.