ഈ കൊറോണക്കാലത്ത് : ടി.പദ്മനാഭന്റെ മനസിൽ മരണം മുഖാമുഖം കണ്ട വസൂരിക്കാലം
കണ്ണൂർ: ഈ കൊറോണക്കാലത്ത് കഥയുടെ പെരുന്തച്ചനായ ടി. പദ്മനാഭന്റെ മനസിൽ തെളിയുന്നത് ഒരു വസൂരിക്കാലമാണ്. അന്ന് ഇത്രയും ഭീകരതയില്ലെന്നാണ് പദ്മനാഭൻ സാക്ഷ്യപ്പെടുത്തുന്നത്. പള്ളിക്കുന്ന് രാജേന്ദ്രനഗർ ഹൗസിംഗ് കോളനിയിലെ വീട്ടിലിരുന്ന് 70 വർഷം പിന്നിട്ട ആ അനുഭവം അദ്ദേഹം ഓർമ്മിക്കുന്നു.
കാലം 1950. കണ്ണൂർ ചിറക്കൽ രാജാസിലെ പഠനം പൂർത്തിയാക്കിയശേഷം പലരും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ചേർന്നപ്പോൾ പദ്മനാഭനും ഏതാനും സുഹൃത്തുക്കളും ഇന്റർമീഡിയറ്റിന് മംഗളൂരു ഗവ.കോളേജിലാണ് ചേർന്നത്. ''പഠനം പൂർത്തിയാകുന്ന അവസാന ഘട്ടത്തിലാണ് എനിക്ക് പനി പിടിച്ചത്. മംഗളൂരുവിൽ വസൂരി പിടിപെട്ട് കണക്കില്ലാതെ ആളുകൾ മരിച്ചുവീഴുന്ന സമയം. വല്ലാത്ത പേടി തോന്നി. ഡോക്ടർമാരെ കാണിച്ചു. വസൂരിയാണെന്ന് വിധിയെഴുതി. അവിടെ വസൂരി പടർന്നുപിടിച്ച് മരണസംഖ്യ കുത്തനെ ഉയർന്നിരുന്നു. കടൽത്തീരപ്രദേശമായ ഉറുവയിലെ ഐസൊലേഷൻ ആശുപത്രിയിൽ ആരൊക്കൊയോ ചേർന്ന് എന്നെ എത്തിച്ചു. നാട്ടിൽനിന്ന് ഏട്ടൻ പറഞ്ഞയച്ച വൈദ്യർ വന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ വൈദ്യരും തിരിച്ചുപോയി.''
അതിനിടെ ആശുപത്രിയും പരിസരവും രോഗികളെ കൊണ്ട് നിറഞ്ഞു. പലരും മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നു. ഐസൊലേഷൻ വാർഡ് മാത്രമാണ് അവസാന അഭയം. വാർഡ് നിറയെ രോഗികളായിരുന്നു. രോഗികളുടെ അവസ്ഥകണ്ട് കഥാകാരനും കരഞ്ഞുപോയി. ഐസൊലേഷൻ വാർഡ് എന്നത് ഒരു പഴയ ഷെഡാണ്. വൈക്കോൽ കൊണ്ടുണ്ടാക്കിയ കിടക്കയിലാണ് കിടപ്പ്. ''ആശുപത്രിയിലെ വൃത്തികെട്ട ഗന്ധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറക്കം വന്നില്ല. അപ്പോഴേക്കും വസൂരി എന്നെ ശരിക്കും ആക്രമിച്ചുകഴിഞ്ഞിരുന്നു. ഉണങ്ങിവരണ്ട നെൽപ്പാടം പോലെയായി ശരീരം. രോഗം മൂർച്ഛിച്ച പലരും മരിച്ചുകൊണ്ടിരിക്കുന്നു. അതിനിടെയാണ് ത്യാഗത്തിന്റെ രൂപങ്ങൾ എന്നു വിളിക്കാവുന്ന കമ്പൗണ്ടർ ചാർലിയും ഭാര്യ ഹെലനും എന്നെ ചികിത്സിക്കാനെത്തുന്നത്. എന്നോട് അലിവ് തോന്നിയ അവർ അവരുടെ മുറിയിലേക്ക് കൊണ്ടുപോയി. അവരുടെ അതിരറ്റ കരുണയിലാണ് എനിക്ക് ജീവിതം തിരിച്ചുകിട്ടിയത്. ഒരാഴ്ച കഴിഞ്ഞുള്ള പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ പാസാകുകയും ചെയ്തു.''
ചാർളിയെ പോലുള്ള ആരോഗ്യ പ്രവർത്തകർക്കുമുന്നിൽ നാം നമസ്‌കരിച്ചുപോകുന്നത് ഇത്തരം ദുരവസ്ഥകളിലാണെന്നും പദ്മനാഭൻ പറഞ്ഞു. അവരുടെ സ്‌നേഹത്തെയും കരുണയെയുംകുറിച്ച് 'ത്യാഗത്തിന്റെ രൂപങ്ങൾ' എന്ന പേരിൽ പിന്നീട് ഒരു ചെറുകഥ എഴുതിയിട്ടുണ്ട്.
വസൂരി (സ്മോൾ പോക്സ്)
വരിയോല (വരിയോല മൈനർ, വരിയോല മേജർ) എന്നീ വൈറസുകളാണ് ഈ രോഗത്തിനു കാരണം. മലയാളത്തിൽ അകമലരി എന്ന പേരിലും അറിയപ്പെടുന്നു. എഡ്വേഡ് ജന്നറാണ് ഇതിനെതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുത്തത്. 1950 കളിൽ ലോകത്താകമാനം വസൂരി പടർന്നുപിടിച്ചിരുന്നു. 1980ൽ ഭൂമുഖത്തുനിന്ന് വസൂരിയെ നിർമ്മാർജനം ചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.