.കൂത്താട്ടുകുളം നഗരസഭ ബഡ്ജറ്റ്

Wednesday 01 April 2020 12:58 AM IST
കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ ബഡ്ജറ്റ് അവതരിപ്പിക്കുന്നു

കൂത്താട്ടുകുളം: ആറ് കോടി രൂപ ചെലവുള്ള ലൈഫ് ഫ്ലാറ്റ് പദ്ധതി മൂന്ന് മാസത്തിനകം ടെണ്ടർ ചെയ്ത് നിർമ്മാണം ആരംഭിക്കാനും വിവിധ ക്ഷേമപദ്ധതികളും ഉൾപ്പെടുത്തി കൂത്താട്ടുകുളം നഗരസഭ ബഡ്ജറ്റ് നഗരസഭാ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ വിജയ ശിവൻ അവതരിപ്പിച്ചു. ചെയർമാൻ റോയി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ യോഗം ബഡ്ജറ്റ് അംഗീകരിച്ചു.

#ജൈവ മാലിന്യ സംസ്കരണ പദ്ധതി നഗരസഭ പുതുതായി വാങ്ങിയ 28 സെൻ്റ് സ്ഥലത്ത് പ്ലാസ്റ്റിക്ക് ഷഡിംഗ് യൂണിറ്റ്, ബെയ്ലിംഗ് യൂണിറ്റ്, ഇ - മാലിന്യ സംഭരണ കേന്ദ്രം, ടൗണിലുള്ള ഡാപിംഗ് യാർഡിലെ മാലിന്യം പൂർണമായും നീക്കം ചെയ്ത് ജൈവ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. വീടിന് സമീപം സ്ഥലമുള്ളവർക്ക് സൗജന്യമായി കംപോസ്റ്റ് പിറ്റ് നിർമ്മിച്ച് നൽകും. മറ്റുള്ളവർക്ക് 80ശതമാനം സബ്‌സീഡിയിൽ ബയോബിൻ നൽകും. ടൗൺ ചന്തത്തോട് മലിന-ജലമുക്തമാക്കുന്നതിന് ടൗണിൽ ജയന്തി പാലത്തിന് സമീപം വെയിസ്റ്റ് വാട്ടർ ട്രീറ്റമെൻ്റ് പ്ലാൻ്റ് കിഫ്ബിയിൽ നിന്ന് 5 കോടി ചെലവിൽ നടപ്പാക്കും.

#ഷോപ്പിംഗ് കോംപ്ലക്സുകൾ നഗരസഭയിലെ ബസ്റ്റാൻ്റുകളുടെ സമീപമുള്ള പഴയ സസ്യമാർക്കറ്റ് ഉൾപ്പടെയുള്ള 50 സെൻ്റ് സ്ഥലത്തും എം.സി റോഡിന് സമീപമുള്ള നിലവിൽ ടാക്സി സ്റ്റാൻ്റായിട്ടുള്ള സ്ഥലത്തും നാല് കോടി രൂപ വീതം വായ്പയെടുത്ത് ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമ്മിക്കും.