കുഞ്ഞ് പിറന്നു, കൺമണിയെ കണ്ടത് വീഡിയോ കോളിലൂടെ, കുട്ടിയെ നേരിൽ കാണാനുള്ള കാത്തിരിപ്പിൽ ദമ്പതികൾ

Wednesday 01 April 2020 4:27 PM IST

കൊച്ചി : ആറ് മാസം മുമ്പ്, ശുഭപ്രതീക്ഷയോടെയായിരുന്നു പത്തനംതിട്ട സ്വദേശികളായ അമേരിക്കൻ ദമ്പതികൾ കൊച്ചിയിൽ നിന്നും യു.എസിലേക്ക് മടങ്ങിയത്. ഏതാനും മാസം കൂടി കാത്തിരിപ്പ്, തിരികെ എത്തി ആദ്യത്തെ കൺമണിയെ വാരിപ്പുണരാമെന്നതായിരുന്നു അവരുടെ ആ യാത്ര കൂടുതൽ സുന്ദരമാകാനുള്ള കാരണം. നേർച്ചകൾക്കും പ്രാർത്ഥനകൾക്കും ഫലമുണ്ടായി. വാടക ഗർഭത്തിലൂടെ അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു.

എന്നാൽ, കോവിഡ് 19 തുടർന്ന് രാജ്യത്ത് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനാൽ, പൊന്നോമനയെ വീഡിയോ കോളിലൂടെ കണ്ട് സന്തോഷം പങ്കിടുകയാണിപ്പോൾ ദമ്പതികൾ.പത്ത് വർഷം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് അമേരിക്കൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. സ്വന്തം നിലയ്ക്ക് ഗർഭധാരണം സാധിക്കാതെ വന്നതോടെ, വാടക ഗർഭത്തിലൂടെയാണ് ഇവർ സ്വപ്‌നം സാക്ഷാത്കരിച്ചത്. ഗർഭപാത്രം നൽകാൻ സ്വയം സന്നദ്ധമായി ഒരു സത്രീ മുന്നോട്ട് വരികയായിരുന്നു.

എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരന്നു ചികിത്സ. കഴിഞ്ഞ 19ന് സിസേറിയനിലൂടെയായിരുന്നു പെൺകുഞ്ഞ് പിറന്നത്. അമ്മ ആശുപത്രി വിട്ടു. കുട്ടിയെ ദിവസവും വീഡിയോ കോളിലൂടെയും വാട്‌സ്ആപ്പിലൂടെയും കാണാനുള്ള സൗകര്യം ആശുപത്രി അധികൃതർ ഒരുക്കിയിട്ടുണ്ട്. യാത്രാ വിലക്കെല്ലാം നീങ്ങുമ്പോൾ കൺമണിയെ നേരിൽ കാണാൻ കാത്തിരിക്കുകയാണ് ദമ്പതികൾ.