ഈ കൊറോണക്കാലത്തും നാട് കാക്കുന്ന പൊലീസിന്റെ ആരോഗ്യം ആര് കാക്കും?
തിരുവനന്തപുരം: കൊറോണക്കാലത്ത് നാടുകാക്കുന്ന പൊലീസുകാർക്ക് രോഗം വന്നാലോ അപകടമുണ്ടായാലോ ഒരു പരിരക്ഷയുമില്ല. ആരോഗ്യപ്രവർത്തകർക്ക് 50ലക്ഷം രൂപ ഇൻഷ്വറൻസ് കേന്ദ്രം അനുവദിച്ചെങ്കിലും പൊലീസ് അതിനു പുറത്താണ്. 60,000 പൊലീസുകാരുണ്ട് കേരളത്തിൽ. മാവോയിസ്റ്റുകളെ കാട്ടിൽകയറി നേരിടുന്ന തണ്ടർബോൾട്ടിലെ 160 പേർക്കുമാത്രം 25ലക്ഷത്തിന്റെ ഇൻഷ്വറൻസുണ്ട്. ബാക്കിയുള്ളവർ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരിക്കേറ്റാലോ അപകടത്തിൽ പെട്ടാലോ അസുഖംവന്നാലോ സ്വയം സഹിക്കണം.
അടുത്തിടെ കോയമ്പത്തൂരിൽ ഔദ്യോഗിക ആവശ്യത്തിന് പോയ പൊലീസുകാർക്ക് പരിക്കേറ്റപ്പോൾ പിരിവെടുത്താണ് ചികിത്സ നടത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് പൊലീസിന് രണ്ടുലക്ഷത്തിന്റെ ഇൻഷ്വറൻസ് പദ്ധതിയുണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഉത്തരവിറക്കാനായില്ല. ഈ പദ്ധതി പിന്നീട് മുന്നോട്ടുപോയതുമില്ല. എ.ഡി.ജി.പി മനോജ് എബ്രഹാം ചെയർമാനായ പൊലീസ് വെൽഫെയർ ബ്യൂറോയാണ് ഇപ്പോൾ പൊലീസിന്റെ ക്ഷേമം നോക്കുന്നത്. ഇതിനായി പൊലീസുകാർ പ്രതിമാസം 100 രൂപ വീതം അടയ്ക്കണം. പൊലീസ് സംഘടനകളുടെ ഭാരവാഹികൾ ബ്യൂറോ അംഗങ്ങളാണ്.
സർക്കാർ ജീവനക്കാർക്കുള്ള റീ ഇംപേഴ്സ്‌മെന്റ് പദ്ധതിയാണ് പൊലീസുകാർക്കും ബാധകം. ചികിത്സാചെലവ് ഏറെക്കാലം കഴിഞ്ഞാലും മടക്കി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
കൊറോണക്കാലത്ത് സേനയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ വെൽഫെയർബ്യൂറോ സ്വകാര്യകമ്പനിയെ സമീപിച്ചിരുന്നു. ആളൊന്നിന് 215രൂപ അടച്ചാൽ രണ്ടുലക്ഷം ഇൻഷ്വറൻസ് എന്നായിരുന്നു വാഗ്ദാനം. ഒന്നേകാൽകോടിയിലേറെ രൂപ കമ്പനിക്ക് ലാഭം നേടാനുള്ള ഈ പദ്ധതി വേണ്ടെന്ന് ബ്യൂറോ തീരുമാനിച്ചു. പൊലീസിനെ ഇൻഷ്വറൻസ് പദ്ധതിയിൽപ്പെടുത്തണമെന്ന് 20 എം.പിമാർ പ്രധാനമന്ത്രിക്ക് കത്തുനൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഈ ആവശ്യമുന്നയിച്ചു.
ഇപ്പോൾ ലഭിക്കുന്നത്
അർബുദബാധിതരാവുന്ന പൊലീസുകാർക്ക് വെൽഫെയർ ബ്യൂറോ മൂന്നുലക്ഷം രൂപ ഗ്രാന്റും മൂന്നുലക്ഷം വായ്പയും നൽകും
സർവീസിലിരിക്കെ മരിച്ചാൽ ഒരുലക്ഷം രൂപ സഹായം നൽകും
ഡ്യൂട്ടിക്കിടെ പരിക്കേറ്റാൽ അരലക്ഷത്തിന് മുകളിലെ ചികിത്സാചെലവ് ഹൗസിംഗ് സഹകരണസംഘം നൽകും, പരമാവധി 5ലക്ഷം
വാഹനപരിശോധനയ്ക്കിടെ ആംബുലൻസ് ഇടിച്ചിട്ട എസ്.ഐയുടെ ചികിത്സയ്ക്ക് സർക്കാർ നൽകിയത് 30 ലക്ഷം
ഇൻഷ്വറൻസ് നടപ്പാക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്ത് പ്രശ്‌നമുണ്ടായാലും സർക്കാർ കൈവിടില്ലെന്ന് ഉറപ്പുണ്ട്.
സി.ആർ.ബിജു
ജനറൽസെക്രട്ടറി
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ