അതിർത്തി തുറക്കൽ : കർണാടക സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Friday 03 April 2020 12:00 AM IST

കൊച്ചി : കൊവിഡ് 19 ഭീഷണിയെത്തുടർന്ന് അടച്ച കേരള - കർണാടക അതിർത്തി തുറക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയ ഹൈക്കോടതി ഉത്തരവിൽ കർണാടക സർക്കാരിന് രൂക്ഷ വിമർശനം.

രോഗികളെ കൊണ്ടുപോകാൻ പോലും കഴിയാത്ത വിധം അതിർത്തി അടച്ച നടപടി മനുഷ്യത്വ രഹിതമാണെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച്, പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് മൗലികാവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണെന്നും കുറ്റപ്പെടുത്തി.

ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗ് മുഖേന പരിഗണിച്ചത്. സഞ്ചാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും പൗരന് ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. കേരളത്തിലെ വ്യക്തിയാണെന്ന കാരണത്താൽ ചികിത്സ തേടാനോ അവശ്യ സാധനങ്ങൾ വാങ്ങാനോ അയൽ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദേശീയപാതയാണ് കർണാടക സർക്കാർ അടച്ചത്. ഇതിന്റെ നിയന്ത്രണം ദേശീയ പാത അതോറിട്ടിക്കാണ്. ആ നിലയ്ക്കാണ് അതിർത്തി തുറന്നു കൊടുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയത്. രാജ്യത്തെ ഏതെങ്കിലുമൊരു ഹൈക്കോടതി മറ്റൊരു സംസ്ഥാനത്തിന്റെ നടപടികൾ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാൽ ഭരണഘടനാപരമായി അതു പാലിക്കാൻ ആ സംസ്ഥാനത്തിന് ബാദ്ധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.