ഒമ്പത് ജീവനെടുത്തിട്ടും കണ്ണുതുറക്കാതെ കർണാടക, അതിർത്തി തുറന്നില്ല: ചീഫ് സെക്രട്ടറിമാർ ഇന്ന് ചർച്ച നടത്തും

Monday 06 April 2020 11:41 AM IST

കാസർകോട്: ദേശീയപാത കർണാടക അടച്ചുപൂട്ടിയതിനാൽ തലപ്പാടി അതിർത്തി കടത്തി മംഗളൂരു ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ കഴിയാതെ പോയതിനാൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. അതിനിടെ സുപ്രീം കോടതി നിർദേശങ്ങൾ അനുസരിച്ചു ചീഫ് സെക്രട്ടറിമാർ തമ്മിലുള്ള ചർച്ച ഇന്ന് നടക്കും.

ഹൊസങ്കടി അംഗടിപദവിലെ ബി.ജെ.പി പ്രവർത്തകൻ രുദ്രപ്പ (52) മഞ്ചേശ്വരം തുമ്മിനാട്ടെ യൂസഫ് (57) എന്നിവരാണ് ഇന്നലെ ചികിത്സ കിട്ടാതെ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് മംഗളുരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളാണ് രുദ്രപ്പ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ മംഗളുരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് തടയുകയായിരുന്നു.

തുടർന്ന് തിരികെയെത്തി ഉപ്പള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഉച്ചയോടെ മംഗളുരു ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ യൂസഫിനെ കയറ്റിയ ആംബുലൻസ് തലപ്പാടി അതിർത്തിയിൽ തടഞ്ഞു തിരിച്ചയച്ചത്. അല്പസമയത്തിന് ശേഷം അദ്ദേഹം മരിച്ചു. അതേസമയം തലപ്പാടി ദേശീയപാതയിലെ അതിർത്തി തുറക്കില്ലെന്നാണ് ഇന്നലെയും കർണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞത്.

അതിർത്തി തുറന്നാൽ കൊവിഡ് രോഗം വ്യാപിക്കുന്നത് തടയാൻ കർണാടക സ്വീകരിക്കുന്ന നടപടികൾ ഇല്ലാതാകും. കേരളത്തിൽ നിന്നും അതിർത്തി കടന്നു വരുന്നവർക്ക് രോഗം ഉണ്ടോയെന്ന് തിരിച്ചറിയാൻ കഴിയില്ല. അങ്ങനെ വരുന്നവരിൽ രോഗബാധയുണ്ടോ എന്ന് തിരിച്ചറിയുന്നതിനുള്ള സംവിധാനവും നിലവിൽ കർണാടകയിൽ ഇല്ല. അതിനാൽ കർണാടകയിലെ ജനങ്ങളുടെ പൂർണ സുരക്ഷിതത്വം കണക്കിലെടുത്ത് ആണ് അതിർത്തി അടച്ചിടുന്നതെന്നുമാണ് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

അതിർത്തി അടച്ചുപൂട്ടിയതിനാൽ മഞ്ചേശ്വരം തുമ്മിനാട് സ്വദേശിനി ബേബി (56) മഞ്ചേശ്വരത്തെ ശേഖർ (49) കുഞ്ചത്തൂരിലെ മാധവ (49) കുഞ്ചത്തൂരിലെ ആയിഷ (58), മംഗളൂരു ബി.സി റോഡിലെ ഫാത്തിമ എന്ന പാത്തുഞ്ഞി (93), മഞ്ചേശ്വരത്തെ അബ്ദുൽ ഹമീദ് (56). ഉപ്പള ഗേറ്റിലെ അബ്ദുൽ സലാം (65) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയുടെ കടുത്ത നിലപാടുമൂലം വിദഗ്ദ്ധ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ചത്.