നാസ്‌കോമിന് പുതിയ സാരഥികൾ; രേഖാ മേനോൻ ഉപാദ്ധ്യക്ഷ

Tuesday 07 April 2020 5:33 AM IST

ന്യൂഡൽഹി: രാജ്യത്തെ സോഫ്‌റ്ര്‌വെയർ കമ്പനികളുടെ പരമോന്നത സംഘടനയായ നാഷണൽ അസോസിയേഷൻ ഒഫ് സോഫ്‌റ്ര്‌വെയർ ആൻഡ് സർവീസസ് കമ്പനീസിന്റെ (നാസ്‌കോം) ചെയർമാനായി ഇൻഫോസിസിന്റെ ചീഫ് ഓപ്പറേറ്രിംഗ് ഓഫീസർ യു.ബി. പ്രവീൺ റാവുവിനെയും വൈസ് ചെയർപേഴ്‌സണായി അക്‌സഞ്ചർ ഇന്ത്യയുടെ ചെയർമാനും സീനിയർ മാനേജിംഗ് ഡയറക്‌ടറുമായ രേഖാ മേനോനെയും തിരഞ്ഞെടുത്തു.

ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ, നാസ്‌കോമിന്റെ ചരിത്രത്തിൽ ആദ്യമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് 2020-21 വർഷത്തെ പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞവർഷം നാസ്‌കോമിന്റെ വൈസ് ചെയർമാനായിരുന്നു പ്രവീൺ റാവു. ഡബ്ള്യു.എൻ.എസ് ഗ്ളോബൽ സർവീസസ് ഗ്രൂപ്പ് സി.ഇ.ഒ കേശവ് മുരുഗേഷിന്റെ പിൻഗാമിയായാണ് അദ്ദേഹം ചെയർമാനാകുന്നത്. വെല്ലുവിളികളെ നേരിടാനും സോഫ്‌റ്ര്‌വെയർ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും പരിശ്രമിക്കുമെന്ന് പ്രവീൺ റാവുവും രേഖാ മേനോനും പ്രതികരിച്ചു.