മലപ്പുറത്തിന് ആശ്വാസമായി മറിയക്കുട്ടി ആശുപത്രി വിട്ടു

Tuesday 07 April 2020 12:00 AM IST

മലപ്പുറം: ജില്ലയിലെ ആദ്യകൊവിഡ് രോഗികളിലൊരാൾ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വണ്ടൂർ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടിയാണ് (50) ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവർ ചെറുകാടുള്ള മകളുടെ വീട്ടിലേക്ക് പോയത്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും നിറകണ്ണുകളോടെ നന്ദി പറഞ്ഞ ഇവരെ യാത്രയാക്കാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം അഡ്വ.എം.ഉമ്മർ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ വി.എം.സുബൈദ എന്നിവരും എത്തിയിരുന്നു.

ഉംറ കഴിഞ്ഞ് മടങ്ങിവന്ന ശേഷം കടുത്ത പനിയും ചുമയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 13നാണ് മറിയക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 16 ന് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. 14 ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പൂർണ ആരോഗ്യവതിയായിട്ടാണ് മറിയക്കുട്ടി തിരിച്ചു പോകുന്നതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എം.പി. ശശി പറഞ്ഞു.