പ്രതിസന്ധി നേരിടാൻ സജ്ജം :മുഖ്യമന്ത്രി

Tuesday 07 April 2020 12:35 AM IST

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിക്കുന്ന ഏത് പ്രതിസന്ധിയും മറികടക്കാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ജില്ലകളിലായി 10813 ഐസോലേഷൻ കിടക്കകൾ സജ്ജമാക്കി. 517 കൊവിഡ് കെയർ സെന്ററുകളിലായി 17461 കിടക്കകളുമുണ്ട്. 38 കൊറോണ കെയർ ആശുപത്രികൾ പ്രവർത്തിക്കുന്നു. കാസർകോട് കൊവിഡ് ആശുപത്രി സജ്ജമായി. ആദ്യഘട്ടത്തിൽ 200 കിടക്കകളും 10 ഐ.സിയു കിടക്കകളുമാണുള്ളത്. 100 കിടക്കകളും 10 ഐ.സിയു കിടക്കകളും ഉടൻ ഒരുക്കും. കാസർകോട് ടാറ്റാ ഗ്രൂപ്പ് 450 കിടക്കകളും 750 ഐസോലേഷൻ കിടക്കകളും ഒരുക്കും. പൊതുമരാമത്ത് വകുപ്പ് 153000 കിടക്കകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങൾ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ഉടൻ നിശ്ചയിക്കും. നിലവിൽ റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചിട്ടില്ല. ശശി തരൂരിന്റെ ഇടപെടലിനെ തുടർന്ന് എത്തിച്ച കിറ്റുകളും നിലവിലുള്ള പരിശോധക്കുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.