വിലക്കിൽ കുടുങ്ങി രണ്ടുജീവൻ കൂടി അതിർത്തിയിൽ പൊലിഞ്ഞു

Tuesday 07 April 2020 1:57 AM IST

കാസർകോട് :അതിർത്തിയിൽ കർണാടക പൊലീസ് വാഹനം തടഞ്ഞ് തിരിച്ചയച്ചതിനെ തുടർന്ന് കാസർകോട് ജില്ലയിൽ രണ്ട് രോഗികൾ കൂടി മരിച്ചു. പാണത്തൂർ പാണത്തൂർ കല്ലപ്പള്ളിയിലെ കൃഷ്ണ ഗൗഡ (71) ,​കടമ്പാർ സ്വദേശി കമല (56) എന്നിവരാണ് മരിച്ചത്. ഇരുവരും ഹൃദ് രോഗത്തിന് ചികിത്സയിലായിരുന്നു. സുള്ളയിലെ ആശുപത്രിയിൽ കൊണ്ടുപോകാനായി കൃഷ്ണ ഗൗഡയുമായി അതിർത്തിയിലെത്തിയ വാഹനത്തെ കർണാടക പൊലീസ് തടയുകയായിരുന്നു. കമലയെയും കൊണ്ട് പോയ വാഹനത്തെ തലപ്പാടി അതിർത്തിയിലാണ് തടഞ്ഞത്. തുടർന്ന് തിരിച്ചു വന്ന ഇവരെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ അതിർത്തിയിലെ തടസം കാരണം ചികിത്സ കിട്ടാതെ മരിച്ച മലയാളികളുടെ എണ്ണം 11 ആയി. അതിർത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രിംകോടതിയിൽ കർണാടക നൽകിയ അപ്പീൽ പരിഗണിക്കാനിരിക്കെയാണ് വീണ്ടും മരണമുണ്ടായത്.

ഞായറാഴ്ച കുഞ്ചത്തൂർ തൂമിനാടിലെ യൂസഫ്, ഹൊസങ്കടി അംഗടിപ്പദവിലെ രുദ്രപ്പ എന്നിവർ കർണാടക അതിർത്തിയിൽ യാത്ര തടസപ്പെട്ട് മരിച്ചിരുന്നു.