സാമ്പത്തിക നിയന്ത്രണം: കേരളവും മാതൃകയാക്കണമെന്ന് കെ.സുരേന്ദ്രൻ

Tuesday 07 April 2020 2:03 AM IST

തിരുവനന്തപുരം: കൊറോണ സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്ര സർക്കാർപ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നടപടികൾ കേരളവും മാതൃകയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും ശമ്പളത്തിലും അടുത്ത ഒരു വർഷത്തേക്ക് കുറവു വരുത്തി പണം സമാഹരിക്കണം. എം.പി ഫണ്ട് വിനിയോഗാതിരിക്കുന്നതു വഴി ശേഖരിക്കുന്ന പണം മറ്റ് വികസന പ്രവർത്തനങ്ങൾക്കും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് വിനിയോഗിക്കപ്പെടുക.

എം.പി ഫണ്ട് നിറുത്തി വയ്ക്കുന്നതിലൂടെ എല്ലാ വികസനവും നിറുത്തലാക്കുന്നു എന്ന പ്രചാരണം ശരിയല്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. മഹാമാരിയിൽ ലോകസാമ്പത്തിക മേഖലയാകെ മന്ദീഭവിച്ചു നിൽക്കുകയാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെയെ ഇതിൽ നിന്ന് കരകയറാനാകൂ എന്നും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം സർക്കാരുകൾക്കുണ്ടാകണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.