കേരളമുള്ള കാലത്തോളം നിലനിൽക്കും: മന്ത്രി എ.കെ.ബാലൻ

Tuesday 07 April 2020 2:59 AM IST

തിരുവനന്തപുരം: നിത്യസുന്ദരമായ നിരവധി ഗാനങ്ങൾ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം.കെ അർജുനൻ മാസ്റ്ററെന്ന് സാംസ്കാരികമന്ത്രി എ.കെ.ബാലൻ അനുസ്മരിച്ചു. അദ്ദേഹം ഈണം പകർന്ന ഗാനങ്ങളിൽ ഭൂരിപക്ഷവും മലയാളികൾ എക്കാലവും പാടി നടക്കുന്നവയാണെങ്കിലും മഹാനായ ആ കലാകാരന് ഒരു സംസ്ഥാന അവാർഡ് ലഭിക്കാൻ അര നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഭയാനകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങിയ അദ്ദേഹം, തന്റെ കഴിവുകൾക്ക് ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞിരുന്നു. മൗലികതയുടെ കൈയൊപ്പ് പതിഞ്ഞ അദ്ദേഹത്തിന്റെ പാട്ടുകൾ കേരളമുള്ള കാലത്തോളം നിലനിൽക്കുമെന്നും മന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.