ആയിരം ജന്മങ്ങളിലും അർജുനൻ മാസ്റ്ററുടെ മകനാകണം

Tuesday 07 April 2020 3:11 AM IST

കൊച്ചി: "ഇനിയൊരു ആയിരം ജന്മമുണ്ടെങ്കിലും എം.കെ. അർജുനന്റെ മകനായി ജനിച്ചാൽ മതി. സംഗീതം പോലെ പ്രിയങ്കരമായിരുന്നു അച്ഛന് കുടുംബം." അർജുനൻ മാസ്റ്ററുടെ മകനും സൗണ്ട് റെക്കാർഡിസ്റ്റുമായ അനിൽ ആരഭി പറയുന്നു.

സംഗീതവുമായി എവിടെയൊക്കെപ്പോയാലും തിരികെ വീട്ടിലെത്തും. ഞങ്ങൾക്കൊപ്പം സമയം ചെലവിടും. ചെന്നൈയിലൊക്കെ പോയ കാലത്തേ വീട്ടിൽനിന്ന് അധികം മാറിനിന്നിട്ടുള്ളു. അല്ലെങ്കിൽ എവിടെപ്പോയാലും തിരിച്ചുവീട്ടിലെത്തുകയായിരുന്നു രീതി. യാത്രകളിൽ ഞങ്ങളെയും പലയിടത്തും കൊണ്ടുപോയിരുന്നു. ചെന്നൈയിലൊക്കെ അച്ഛനൊപ്പം പോയിട്ടുണ്ട്.

"സംഗീതത്തിന്റെ പാരമ്പര്യം ഞങ്ങൾക്കും നൽകാൻ അദ്ദേഹം മടിച്ചില്ല. സംഗീതതാത്പര്യം ഞങ്ങൾക്കെല്ലാമുണ്ട്. ഞാനും സംഗീതരംഗത്താണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് ആരഭി എന്ന സൗണ്ട് റെക്കാഡിംഗ് സ്റ്റുഡിയോ നടത്തുകയാണ്. എന്റെ ചേട്ടന്റെ മകൻ നിഥിൻ കീബോർഡ് വായിക്കും. ചെന്നൈയിലാണ് നിഥിൻ താമസിക്കുന്നത്. സംഗീതം ഞങ്ങളുടെയും ജീവിതത്തിന്റെ ഭാഗമാണ്. അച്ഛന്റെ വേർപാട് വേദനിപ്പിക്കുമ്പോഴും സംഗീതം ഒപ്പമുണ്ടെന്നതാണ് ആശ്വാസം." അനിൽ പറഞ്ഞു.