ഡൽഹിയിലെ മലയാളി നഴ്സുമാരുടെ ചികിത്സ ഉറപ്പാക്കണം, കെജ്‌രിവാളിന് കത്തയച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് രോഗബാധിതരായ മലയാളി നഴ്സുമാർക്ക് ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു.
ഒൻപത് മലയാളി നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിലാണ്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും നിരീക്ഷണത്തിൽ കഴിയുമ്പോഴും ഡ്യൂട്ടിചെയ്യേണ്ടിവരുന്നതുമാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അത്യാവശ്യ സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.
മലയാളികളായ നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും കാര്യത്തിൽ കേരളത്തിന്റെ ഇടപെൽ ഉണ്ടാവണമെന്ന് ആവശ്യമുയർന്നിരുന്നു. അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും.