കുടുംബശ്രീയുടെ 2,000 കോടി വായ്പാ പദ്ധതി; ഒരാൾക്ക് ലഭിക്കുക പരമാവധി 20,000 രൂപ

Tuesday 07 April 2020 1:03 PM IST

തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച കുടുംബശ്രീ മുഖേനയുള്ള' മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി'ക്ക് അനുമതി. പദ്ധതിയുടെ തുടർനടത്തിപ്പിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഒരംഗത്തിന് 5,000 മുതൽ 20,000 രൂപവരെ വായ്പയായി ലഭിക്കുന്നതാണ് പദ്ധതി. 2019 ഡിസംബർ 31ന് മുൻപ് രൂപീകരിച്ച അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് വായ്പ ലഭിക്കുക. ബാങ്കുകൾ എട്ടര മുതൽ ഒമ്പത് ശതമാനം വരെ പലിശയ്ക്ക് അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന വായ്പയുടെ തിരിച്ചടവ് കൃത്യത അടിസ്ഥാനമാക്കി പലിശത്തുക കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് സർക്കാർ നൽകും. ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ശമ്പളമോ പെൻഷനോ പറ്റുന്നവർ, അവരുടെ കുടുംബാംഗങ്ങൾ, പ്രതിമാസം 10000 രൂപക്ക് മുകളിൽ വരുമാനമുള്ളവർ എന്നിവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഓണറേറിയമോ ക്ഷേമപെൻഷനോ ലഭിക്കുന്നവർക്ക് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.