ലോക്ക് ഡൗൺ 21 ദിവസം കൂടി തുടരണം : ഐ.എം.എ

Tuesday 07 April 2020 1:07 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയ ലോക്ക് ഡൗൺ 14 ന് ശേഷം 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ.ഗോപികുമാറും അറിയിച്ചു. രാജ്യത്തിനകത്തെയും പുറത്തെയും ആരോഗ്യവിദഗ്ദ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് നിർദ്ദേശം മുന്നോട്ടുവച്ചത്.

കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ലോക്ക് ഡൗണിന് ശേഷം നിരവധി ആളുകൾ മറ്റുസംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്താൻ സാദ്ധ്യതയുണ്ട്. ഇത് സമൂഹവ്യാപനം ഉണ്ടാക്കാനിടയുണ്ട്. എല്ലാ മുൻകരുതലുകളും സ്വീകരിച്ച് സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും പ്രവർത്തനം തുടരണം. പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരരോഗമുള്ളവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ വേണം. ആന്റീബോഡി ടെസ്റ്റുകളും റാപ്പിഡ് പി.സി.ആർ ടെസ്റ്റും കൂടുതൽ വ്യാപകമാക്കണം.

കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.